
പാലാ : പാലാ നഗരസഭയിൽ സ്വതന്ത്രക്കൂട്ടായ്മയുമായുള്ള കലഹത്തിൽ അന്തിമ തീരുമാനം കെ.പി.സി.സിയ്ക്ക് വിട്ട് കോൺഗ്രസ് ജില്ലാ നേതൃത്വം. മുൻപ് പലതവണ ജില്ല നേതാക്കൾ ശ്രമിച്ചിട്ടും പ്രശ്‌നം പരിഹരിക്കാൻ കഴിയാത്തതോടെയാണ് സംസ്ഥാന നേതാക്കളുടെ ഇടപെടൽ തേടിയത്. സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കിയതോടെ വിഷയം സങ്കീർണമായത്. അതേസമയം ഡി.വൈ.എഫ്.ഐ സമ്മേളനത്തിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഭരണപക്ഷത്തെ ചേരിപ്പോരുകൾക്ക് കാരണമെന്ന പ്രസ്താവനയ്ക്കെതിരെ സി.പി.എം രംഗത്തെത്തി. നഗരസഭ ഭരണത്തിലെ പടലപ്പിണക്കങ്ങൾ സി.പി.എമ്മിന്റെ ചെലവിൽ ആരും എഴുതേണ്ടതില്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ ലാലിച്ചൻ ജോർജ്ജ് പറഞ്ഞു. ഭരണത്തിൽ ഇടതുമുന്നണി കൈകടത്താൻ പോയിട്ടില്ല. അനാവശ്യമായി ചിലർ വിവാദങ്ങൾ ഉണ്ടാക്കുകയാണ്.
പാലായിൽ യോഗം നടത്താൻ വിശാലമായൊരു സ്ഥലമില്ലെന്നുള്ളതാണ് വസ്തുത. ഈ സാഹചര്യത്തിലാണ് മുമ്പ് കോൺഗ്രസ് ഉൾപ്പെടെയുള്ള മറ്റ് പല പാർട്ടികളും സമ്മേളനം നടത്തിയ കൊട്ടാരമറ്റം സ്റ്റാൻഡ് തിരഞ്ഞെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വതന്ത്ര മുന്നണിയെ തള്ളി ജോസും
നഗരസഭയിൽ സ്വതന്ത്ര കൂട്ടായ്മക്കൊപ്പം ഒരു സഹകരണത്തിനും ഇല്ലെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു. അങ്ങനെ ഒരു സഹകരണം വേണമെങ്കിൽ തങ്ങൾക്ക് ആദ്യമേ ആകാമായിരുന്നു. പാലായിൽ ഇപ്പോഴുള്ളത് പ്രാദേശികമായ വിഷയമാണ്. സ്വതന്ത്ര കൂട്ടായ്മയെ ഒപ്പം കൂട്ടുന്നത് പല അപകടങ്ങൾക്കും കാരണമാകും. അവിശ്വാസം സംബന്ധിച്ച് പ്രാദേശിക നേതൃത്വം തീരുമാനിക്കും. പാലാ അനാഥമായി പോകാൻ പാടില്ല. കഴിഞ്ഞ ആറുമാസമായി ഭരണസ്തംഭനമാണെന്നും ജോസ് കുറ്റപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |