
കോട്ടയം: തെരുവുനായ്ക്കളെ പാർപ്പിക്കാൻ കോട്ടയം മെഡിക്കൽ കോളേജ് വളപ്പിൽ ഷെൽട്ടർ ഉയരുന്നു. കോട്ടയം നഗരസഭ, ആർപ്പുക്കര, അതിരമ്പുഴ പഞ്ചായത്തുകളിലെ നായ്ക്കളെ പാർപ്പിക്കാനാണ് ഫദ്ധതി ഒരുങ്ങുന്നത്. ആദ്യഘട്ടത്തിൽ 200 നായ്ക്കളെ പാർപ്പിക്കാം. മൂന്നു തദ്ദേശസ്ഥാപനങ്ങളും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിന് നായ പ്രേമികളുടെയും സന്നദ്ധസംഘടനകളുടെയും സേവനം പ്രയോജനപ്പെടുത്തും. എ.ബിസി പദ്ധതി പ്രായോഗികമായി വിജയകരമല്ലെന്ന് കണ്ടെത്തിയാണ് ഷെൽട്ടർ പണിതുള്ള സംരക്ഷണം നടപ്പാക്കുന്നത്. അതേസമയം ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ സർക്കാർ ഉത്തരവിറങ്ങിയതോടെ പട്ടിപിടുത്തക്കാരെ കിട്ടാതായി. തമിഴ്നാട്ടിൽ നിന്ന് ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തദ്ദേശസ്ഥാപനങ്ങൾ. കോട്ടയത്തെയും സമീപപഞ്ചായത്തുകളിലെയും പ്രധാന പട്ടിപിടുത്തക്കാരനായിരുന്നു ജയനും ജോലിയിൽ നിന്ന് പിൻമാറി. പുതിയ ആളുകളെ കണ്ടെത്തി പരിശീലിപ്പിച്ചെടുക്കുക ബുദ്ധിമുട്ടാകും. ഒരു പട്ടിയെ പിടിച്ച് കോടിമതയിലെ എ.ബി.സി സെന്ററിൽ എത്തിക്കുന്നതിന് ഡോഗ് കാച്ചർക്ക് 700 രൂപ നൽകണം. ഇത് തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ സാമ്പത്തിക ബാദ്ധ്യതയാകും.
എ.ബി.സി സെന്റർ തുറന്നു
കോടിമതയിലെ എ.ബി.സി സെന്റർ ഏറെക്കാലത്തിനു ശേഷം തുറന്നു. ദിവസം 10 നായ്ക്കളെ വന്ധ്യം കരിക്കുന്നതിനുള്ള സംവിധാനമാണ് ഇവിടുള്ളത്. ഒരാഴ്ചക്കുള്ളിൽ 40 നായ്ക്കളെ വന്ധ്യംകരിച്ചു.
ആക്രമകാരികളായ നായ്ക്കളിൽ നിന്ന് പൊതുജനങ്ങളെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ആവശ്യത്തിന് പട്ടിപിടുത്തക്കാരെ കിട്ടാത്തത് വലിയപ്രശ്നമാണ്.
എം.പി സന്തോഷ്കുമാർ
കോട്ടയം നഗരസഭാ ചെയർമാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |