SignIn
Kerala Kaumudi Online
Thursday, 30 July 2026 4.38 AM IST

നവജാതശിശുക്കളുടെ വില്പന: പ്രതികളുടെ സഹായിയായ യുവതി അറസ്റ്റിൽ 

കോട്ടയം: അന്യസംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് അവർക്കുണ്ടാകുന്ന കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘത്തിന് സഹായം ചെയ്തതായി കണ്ടെത്തിയ യുവതിയെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പരവൂർ അനിൽനിവാസിൽ അനീന തസ്‌നി (26) നെയാണ് അറസ്റ്റ് ചെയ്തത്. ഇതേ കേസിൽ കഴിഞ്ഞദിവസം വാഗമൺ പുതുക്കാട് കുന്ദാനിയിൽ കെ.എസ് അർജുൻ (21), ഇയാളുടെ സഹോദരീ ഭർത്താവും തമിഴ്‌നാട് തിരുനെൽവേലി സ്വദേശിയുമായ മുപ്പിലിരാജ (27) എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ റിമാൻഡ് ചെയ്തു. അസാം സ്വദേശിനിയായ ഗർഭിണിയെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചെന്ന പരാതിയിലായിരുന്നു ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. തീക്കോയി ഞണ്ടുകല്ലിലെ വീട്ടിൽ ഗർഭിണികളെ എത്തിച്ച ശേഷം അവർ പ്രസവിക്കുന്ന കുഞ്ഞുങ്ങളെ ആവശ്യക്കാർക്ക് പണം വാങ്ങി കൈമാറുന്ന സംഘമാണ് പ്രവർത്തിച്ചിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. സമൂഹമാദ്ധ്യമങ്ങൾ വഴി കുഞ്ഞുങ്ങളെ സ്വീകരിക്കാൻ താത്പര്യമുള്ളവരെ കണ്ടെത്തിയിരുന്നത് അനീന തസ്‌നിയാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. പ്രതികളുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ട്. മൂന്ന് പേരെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഈ മാസം 16ന് തീക്കോയിയിലെ വീട്ടിലെത്തിച്ച അസാം സ്വദേശിനിയായ ഗർഭിണി കഴിഞ്ഞ ദിവസം രക്ഷപ്പെട്ട് പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഈരാറ്റുപേട്ട എസ്.എച്ച്.ഒ ബി.എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ആറുമാസമായി നവജാതശിശുക്കളുടെ വില്പന നടക്കുന്നുണ്ട്. എത്ര കുഞ്ഞുങ്ങളെ ഇത്തരത്തിൽ വിറ്റിട്ടുണ്ടെന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. (കെ.എം സാബു മാത്യു ജില്ലാ പൊലീസ് മേധാവി)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL