വൈത്തിരി : താമരശ്ശേരി ചുരത്തിൽ ബസ് കുടുങ്ങിയതോടെ യാത്രക്കാർ പെട്ടത് നാലുമണിക്കൂർ. ഇന്നലെ പുലർച്ചെയാണ് ആറാം വളവിൽ ബംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് കുടുങ്ങിയത്. വീതി കുറഞ്ഞ വളവിൽ നീളം കൂടിയ ബസ് കുടുങ്ങിയതോടെ വാഹനങ്ങൾക്ക് അങ്ങോട്ടുമിങ്ങോട്ടുംപോകാൻ കഴിയാത്ത അവസ്ഥയായി. ആംബുലൻസുകൾ മാത്രമാണ് കടന്നുപോയത്. മെക്കാനിക്കെത്തി പത്തരയോടെയാണ് ബസ് വളവിൽ നിന്ന് നീക്കിയത്. ഗതാഗതം പൂർണമായും പുനസ്ഥാപിക്കാൻ ഏറെ സമയമെടുത്തു. പൊലീസും സന്നദ്ധ പ്രവർത്തകരും ഗതാഗതം നിയന്ത്രിച്ചു. അവധിക്കാലം തുടങ്ങിയതോടെ വയനാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. വിനോദ സഞ്ചാരികളുടെ വരവും കൂടി. റംസാൻ അവസാനിക്കുന്നതോടെ തിരക്ക് വർദ്ധിക്കും. അപ്പോഴേക്കും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വളവുകൾ നിവർത്തൽ വൈകരുത്
താമരശ്ശേരി ചുരത്തിലെ ഏറ്റവും വീതി കുറഞ്ഞ 6 , 7 , 8 വളവുകൾ നവീകരിക്കുന്നതിന് ഇനി കാലതാമസം വരുത്തരുതെന്ന ആവശ്യം ശക്തമാണ്. ചുരത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ കുടുങ്ങുന്നത് ഈ വളവുകളിലാണ്. ഭാരവാഹനങ്ങൾ ചുരം ഇറങ്ങുമ്പോൾ യന്ത്ര തകരാറിനെ തുടർന്ന് വളവുകളിൽ കുടുങ്ങും. പിന്നീട് മണിക്കൂറുകൾക്കുശേഷമാണ് വാഹനങ്ങൾ മാറ്റാൻ സാധിക്കുന്നത്. കൊടുംവളവുകൾ നിവർത്തുന്നതിന് 37കോടി രൂപയുടെ ടെൻഡർ നടപടികൾ അന്തിമഘട്ടത്തിലാണ്.
ചുരംപാത വികസനത്തിന് വനഭൂമി 2018ൽ കേന്ദ്രം കേരളത്തിന് കൈമാറിയിരുന്നു. എന്നാൽ നവീകരണ പ്രവർത്തനങ്ങൾ സാങ്കേതിക കാരണങ്ങളാൽ ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |