മേപ്പാടി: മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്തബാധിതർക്ക് പുനരധിവാസത്തിനായി കുന്നമ്പറ്റയിൽ കോൺഗ്രസ് ഏറ്റെടുത്ത ഭൂമിയിൽ ഡി.വൈ.എഫ്.ഐ മാർച്ച് നടത്തി പ്രതീകാത്മകമായി കുടിൽ കെട്ടി. ഭവന പദ്ധതി ആരംഭിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. ഡി.വൈ.എഫ്.ഐ സംസ്ഥാന അദ്ധ്യക്ഷൻ വി.വസീഫ് , ജില്ലാ സെക്രട്ടറി കെ.എം ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. കെട്ടാനായുള്ള മരക്കമ്പുകൾ ഉൾപ്പെടെ കൊണ്ടുവന്നാണ് നിമിഷനേരം കൊണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കോൺഗ്രസ് ഭൂമിക്ക് സമീപം കുടിൽകെട്ടിയത്. വീടുകളുടെ നിർമാണം ആരംഭിച്ചെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്നാൽ വീട് നിർമ്മാണത്തിന് അനുമതിക്ക് അപേക്ഷ പോലും നൽകിയിട്ടില്ലെന്ന് വി.വസീഫ് പറഞ്ഞു.
ഫെബ്രുവരി 26ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയും വയനാട് എം.പി പ്രിയങ്കഗാന്ധിയും ചേർന്നാണ് തറക്കല്ലിട്ടത്. ഒരുമാസം പിന്നിട്ടിട്ടും നിർമ്മാണം ആരംഭിച്ചിരുന്നില്ല. ഇതിൽ സമൂഹമാദ്ധ്യമങ്ങളിലടക്കം കോൺഗ്രസിന് വലിയ വിമർശനങ്ങൾനേരിടേണ്ടി വന്നിരുന്നു. കോൺഗ്രസ് വഞ്ചന വ്യക്തമാക്കുന്നതിനായി സംസ്ഥാനവ്യാപകമായി സമരം നടത്തും.
സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പിൽ ആദ്യഘട്ടത്തിൽ 178 വീടുകൾ ദുരന്തബാധിതർക്ക് കൈമാറിക്കഴിഞ്ഞു. അവശേഷിക്കുന്ന വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. 20കോടി രൂപ സർക്കാരിന്റെ ടൗൺഷിപ്പിന് നൽകി. കോൺഗ്രസും യൂത്ത്‌കോൺഗ്രസും ആപ്പ് വഴി പണം പിരിച്ച കോടികൾ മുക്കിയെന്നുമാണ് സംശയിക്കേണ്ടത്. രാഹുൽഗാന്ധി ഇട്ട ശിലാഫലകം പോലും കോൺഗ്രസ് ഭൂമിയിൽ കാണാനില്ലെന്നും വസീഫ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |