പോരാളിയെന്നാണ് കേരളം രാഷ്ട്രീയ ഭേദമെന്യേ ഇ.പി. ജയരാജനിട്ട പേര്. ആർ.എസ്.എസും കോൺഗ്രസിൽ കെ. സുധാകരനുമിട്ട തടസങ്ങളെല്ലാം ചാടിക്കയറിയ, സി.പി.എമ്മിന് കണ്ണൂർകോട്ടയെന്ന മേൽവിലാസമുണ്ടാക്കിയതിന് വെടിയുണ്ടയേറ്റുവാങ്ങിയ നേതാവ്. ഇടക്കാലത്ത് ചെറുതായൊന്ന് പിറകോട്ട് മാറിയെങ്കിലും പുലി പതുങ്ങുന്നത് ഒളിക്കാനല്ലെന്നാണ് ജയരാജന്റെ മറുപടി. ഇ.പി കേരള കൗമുദിയുമായി രാഷ്ട്രീയം പങ്കുവയ്ക്കുന്നു.
? ഇ.പി. ജയരാജനും സീറ്റില്ല, കണ്ണൂരിലെ മറ്റ് ജയരാജന്മാർക്കും സീറ്റില്ല, പാർട്ടി അണികൾക്ക് പ്രതിഷേധമില്ലേ
ഇ.പി. ജയരാജൻ എത്രതവണ എം.എൽ.എ ആയി. മന്ത്രിയായില്ലേ. എം.വിയും പി. ജയരാജനും എം.എൽ.എമാരായില്ലേ. ഈ പാർട്ടിയിൽ ഞങ്ങൾ മാത്രം മതിയോ. പുതിയ തലമുറ വരണ്ടേ. അവരെ നയിക്കാനുള്ള കടമയുള്ളവരല്ലേ ഞങ്ങൾ. അപ്പോൾ സ്വാഭാവികമായും മാറിനിൽക്കും. പാർട്ടിയാണ് വലുത്. പാർലമെന്ററി വ്യാമോഹമല്ല.
? കണ്ണൂരിൽ നിന്ന് രണ്ടു പ്രമുഖർ, ജി.സുധാകരനടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധിപേർ. സി.പി.എമ്മിൽ കൊഴിഞ്ഞുപോക്കിന്റെ കാലമാണോ
എല്ലാവർക്കും പാർലമെന്ററി വ്യാമോഹമല്ലേ. അതിൽ സുധാകരനും ഗോവിന്ദനുമൊക്കെ നേതാക്കളാണ്. തർക്കമില്ല. അവർ പോയതിൽ പാർട്ടിയിൽ എല്ലാവർക്കും പ്രയാസമുണ്ട്. പക്ഷെ കുഞ്ഞികൃഷ്ണനെയൊന്നും സി.പി.എം നേതാവായി കണ്ടിട്ടില്ല. കണ്ണൂർ ജില്ലാകമ്മിറ്റിയിൽ 60പേരുണ്ട്. അതിലൊരാളായിരുന്നു. അയാളെ എപ്പോഴെങ്കിലും ജനം നേതാവായി കണ്ടിട്ടുണ്ടോ. നേതാവെന്നാൽ നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്? ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ മനസറിയുന്ന ആളാണ് നേതാവ്. അക്കൂട്ടത്തിൽ കുഞ്ഞികൃഷ്ണനൊന്നുമില്ല.
? വോട്ട് വിവാദത്തിന്റെ കാലമാണ്. എസ്.ഡി.പി.ഐയുടെ വോട്ട് വേണ്ടെന്ന് താങ്കൾ പറയുന്നില്ല
എസ്.ഡി.പി.ഐയുടെ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നാണ് നിങ്ങളുടെ ചോദ്യം. പക്ഷെ വോട്ട് വേണമെന്ന് ഞാൻ പറഞ്ഞിട്ടില്ല. ആരുടേയും വോട്ട് വേണ്ടെന്ന് തിരഞ്ഞെടുപ്പിൽ പറയാറില്ല. കാരണം വോട്ട് വീട്ടിൽപോയി ചോദിക്കുന്നതാണ്. ആ വീട് ആരുടേതാണെന്ന് നോക്കിയല്ല സ്ഥലത്തെ സ്ഥാനാർത്ഥികൾ വീടുകയറുന്നത്. കേരളത്തിലെ കഴിഞ്ഞ 10 വർഷത്തെ സർക്കാരിന്റെ പ്രവർത്തനങ്ങളോട് താത്പര്യമുള്ള ആർക്കും ഞങ്ങൾക്ക് വോട്ടുചെയ്യാം.
? അപ്പോൾ പിന്നെ എന്തിനാണ് ജമാ അത്തെ ഇസ്ലാമിയെ എതിർക്കുന്നത്
ജമാ അത്തെ ഇസ്ലാമിയെ എതിർക്കുന്നത് എന്തിനാണെന്ന് നിങ്ങൾ മാദ്ധ്യമപ്രവർത്തകർക്ക് നന്നായിട്ടറിയാം. ആരാണവരെന്ന് പൊതുസമൂഹത്തിനും ബോദ്ധ്യമുണ്ട്. അതുകൊണ്ടാണ് അവരുടെ വോട്ട് വേണ്ടെന്ന് പറഞ്ഞത്. ജമാ അത്തിനോടും ആർ.എസ്.എസിനോടും ഒരേ നിലപാടാണ് സി.പി.എമ്മിന്.
? മൂന്നാം ഇടതുസർക്കാർ നടക്കുന്ന കാര്യമാണോ
അത് മാദ്ധ്യമങ്ങളല്ല തീരുമാനിക്കേണ്ടത്. കഴിഞ്ഞ പത്തുവർഷം ഇടതുസർക്കാർ കേരളത്തിലുണ്ടാക്കിയ മാറ്റത്തിന്റെ അനുഭവമുള്ള ജനതയാണ്. കേരളത്തിൽ കഴിഞ്ഞ പത്തുവർഷം പ്രതിപക്ഷമുണ്ടായിട്ടുണ്ടോ. നിയമസഭയിൽ ക്രിയാത്മകമായി വിമർശനമുന്നയിക്കാനായിട്ടുണ്ടോ. അതിന് അവർ നിയമസഭയിൽ പ്രതികരിക്കാൻ തയ്യാറായിട്ടുണ്ടോ. പുറത്തിറങ്ങി സർക്കാരിനെതിരെ തെറിപറയുന്ന സംവിധാനമായി യു.ഡി.എഫ് അധഃപതിച്ചു. പൊതുമനസിൽ എൽ.ഡി.എഫ് വരണമെന്ന ആഗ്രഹമാണ്. അത് വോട്ടെടുപ്പിൽ പ്രതിഫലിക്കും.
? ബി.ജെ.പിക്കെതിരെ വലിയ വിമർശനമൊന്നും നടത്തുന്നില്ലല്ലോ
ആരു പറഞ്ഞു. രാജവാഴ്ചയല്ലേ രാജ്യത്ത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ ബി.ജെ.പി മുന്നേറുമ്പോൾ അതിനു വലിയ തടസം കേരളമാണ്. ചാരിറ്റി നടത്തുന്ന സ്ഥാപനങ്ങളുടെ ഫണ്ടുവരെ തടഞ്ഞ് കേരളത്തിലെ ന്യൂനപക്ഷങ്ങളെ ഞെരിക്കാനുള്ള പദ്ധതിയുമായിട്ടല്ലേ അവർ മുന്നോട്ടുപോകുന്നത്. തികഞ്ഞ വർഗീയതയല്ലേ അത്. പട്ടിണിയും വർഗീയകലാപവും വിഭജനവുമില്ലാത്ത സംസ്ഥാനം കേരളമാണ്. ഇവിടം വിഭജിക്കാനുള്ള ശ്രമമാണ് കാലാകാലമായി അവർ നടത്തുന്നത്. അതിവിടെ വേവില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |