കൽപ്പറ്റ: ഉരുൾദുരന്തത്തിന്റെ നോവ് മറന്ന് വയനാടൻ ജനത വിരലിൽ മഷി പുരട്ടി ജനാധിപത്യത്തിന് കരുത്തുപകരാൻ. ജില്ലയിൽ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. രാവിലെ മുതൽ എല്ലാ ബൂത്തുകളിലും നല്ല തിരക്കായിരുന്നു.ആദ്യ രണ്ട് മണിക്കൂറിൽ 15 ശതമാനമായിരുന്നു പോളിംഗ്. വയനാട്ടിൽ ഉച്ചയ്ക്ക് ഒരു മണിയോടെ പോളിംഗ് 50 ശതമാനത്തിലെത്തി. വേനൽചൂടിന്റെ കാഠിന്യം പോലും അവണഗിച്ചാണ് ജനം വിധിയെഴുതാൻ ബൂത്തുകളിലേക്കെത്തിയത്.
ആദിവാസി മേഖലകളിലും തോട്ടം തൊഴിലാളി മേഖലകളിലും ഉരുൾ ദുരന്ത മേഖലയിലും ജനം വോട്ട് ചെയ്യാൻ എത്തുന്ന കാഴ്ചയും കണ്ടു. വോട്ടെടുപ്പ് കഴിഞ്ഞ്, എല്ലാ ബൂത്തുകളിലെയും കണക്കുകൾ കൂട്ടി വേണം ഇനി അവസാനശതമാന കണക്കിലേക്കെത്താൻ. വൈകിട്ട് 6 മണിവരെ ക്യൂവിൽ നിൽക്കുന്നവർക്ക് വോട്ട് രേഖപ്പെടുത്താൻ സൗകര്യം ഒരുക്കിയിരുന്നു. 2021 ലെ പോളിംഗ് ശതമാനത്തെ കവച്ചു വയ്ക്കുമെന്നാണ് കരുതുന്നത്.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ 75 ശതമാനമായിരുന്നു പോളിംഗ് . 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 73.48 ശതമാനവും 2024 നവംബറിൽ നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ 64 .27 ശതമാനം ആയിരുന്നു പോളിംഗ്. 2025 ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 78.32 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു.
ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യാൻ പരസ്യമായി നിർദ്ദേശിക്കുകയും താമര ചിഹ്നം കാണിച്ച് കൊടുക്കുകയും ചെയ്തുവെന്ന പരാതിയിൽ മൂന്നാം പോളിംഗ് ഓഫീസറെ വോട്ടെടുപ്പിനിടെ തിരഞ്ഞെടുപ്പ് ചുമതലയിൽ നിന്നും മാറ്റി. മാനന്തവാടി നിയോജക മണ്ഡലത്തിലെ ചെറുകാട്ടുർ സെന്റ് ജോസഫ് സ്ക്കൂളിലെ 199 നമ്പർ പോളിംഗ് ഓഫീസർ ജയലക്ഷ്മിയെയാണ് അന്വേഷണ വിധേയമായി മാറ്റി പകരം ആളെ നിയോഗിച്ചത്.
യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഏജന്റും യു. ഡി.എഫ് കൺവീനറുമായ എച്ച് .ബി പ്രദീപ് റിട്ടേണിംഗ് ഓഫീസർ കൂടിയായ മാനന്തവാടി സബ് കളക്ടർക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി.
പോളിംഗ് ശതമാനം
കൽപ്പറ്റ --- 80.35%
മാനന്തവാടി --- 78.86%
സുൽത്താൻ ബത്തേരി --- 77.21%
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |