കോഴിക്കോട്: കണികാണാൻ ഇനി കൊന്നപ്പൂവും കണിവെള്ളരിയും തേടി അലയേണ്ട. വിപണിയിൽ ഹിറ്റായിക്കഴിഞ്ഞിരിക്കുകയാണ് 'റെഡിമെയ്ഡ് വിഷുക്കണി കിറ്റ്'. സൂപ്പർ മാർക്കറ്റുകൾ മുതൽ ഇൻസ്റ്റാഗ്രാമിലെ ചെറുകിട സംരംഭകർ വരെ ഈ 'വിഷുക്കണി ബിസിനസിൽ' സജീവമാണ്. 500 രൂപ മുതൽ 5000 രൂപ വരെയാണ് വില. നഗരവാസികൾക്ക് കൊന്നപ്പൂവടക്കം കിട്ടാൻ ബുദ്ധിമുട്ടായതിനാൽ പലരും കിറ്റിനെ ആശ്രയിക്കുന്നു. ഓൺലൈൻ ബുക്കിംഗിലാണ് പലർക്കും പ്രിയം. പ്ലാസ്റ്റിക് കണിക്കൊന്നയടങ്ങിയ കിറ്റുകൾക്കും ആവശ്യക്കാരുണ്ട്. വീണ്ടും ഉപയോഗിക്കാം.
കിറ്റ് മൂന്ന് തരം
ബേസിക് : കൊന്നപ്പൂവ്, കണിവെള്ളരി, മാമ്പഴം, കസവുമുണ്ട്, കൃഷ്ണ വിഗ്രഹം.
പ്രീമിയം : പിച്ചളയിൽ തീർത്ത നിലവിളക്ക്, വാൽക്കണ്ണാടി, അഷ്ടമംഗല്യം, ഓട്ടുരുളി.
സദ്യ കിറ്റ്: പായസം മിക്സ് മുതൽ വിഷുക്കട്ടയുണ്ടാക്കാനുള്ള സാധനങ്ങൾ വരെ
പണ്ട് കണിയൊരുക്കുകയെന്നത് വെറും ചടങ്ങല്ല. കണി കാണുന്നതിനേക്കാൾ സന്തോഷമായിരുന്നു. കാലം മാറുമ്പോൾ എല്ലാം മാറണമല്ലോ. ഇന്ന് പണം കൊടുത്താൽ എല്ലാം വീട്ടിലെത്തും. എങ്കിലും പറമ്പിലെ കൊന്നപ്പൂ പൊട്ടിച്ച് കണിയൊരുക്കുന്ന സുഖം
പെട്ടിക്കുള്ളിലില്ലല്ലോ..
കാർത്ത്യായനി അമ്മ, പൂവാട്ടുപറമ്പ്, കോഴിക്കോട്
ജോലി കഴിഞ്ഞ് വരുമ്പോൾ വിപണിയിൽ പോയി ഓരോ സാധനവും പ്രത്യേകം വാങ്ങുന്നത് പ്രായോഗികമല്ല. കൊന്നപ്പൂവ് മുതൽ വാൽക്കണ്ണാടി വരെ ലഭിക്കും. ഐശ്വര്യത്തിന് കുറവൊന്നുമില്ലാതെ തന്നെ കണിയൊരുക്കാം.
സി. ഷീബ, ബാങ്ക് ഉദ്യോഗസ്ഥ, പെരുമൺപുറ
കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ പേർ കിറ്റുകൾ ആവശ്യപ്പെടുന്നുണ്ട്. ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കും പ്രവാസികൾക്കും കിറ്റ് സൗകര്യപ്രദമാണ്. ആവശ്യാനുസരണം സാധനങ്ങൾ മാറ്റം വരുത്തിയും കിറ്റ് നൽകും.
ബഷീർ, സൂപ്പർ മാർക്കറ്റ് ഉടമ, കുറ്റിക്കാട്ടൂർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |