
കോഴിക്കോട്: ടിക്കറ്റ് വരുമാനത്തിൽ വൻ വർദ്ധനവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ. 2024-25 വർഷത്തെ അപേക്ഷിച്ച് 2025-26ൽ 200 കോടി ക്ളബിലെത്തി. 190.08 കോടിയിൽ നിന്ന് 218.63 കോടിയിലേക്കാണ് വരുമാനം വർദ്ധിച്ചത്. സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണ് കോഴിക്കോട്. തിരുവനന്തപുരവും (319.16 കോടി) എറണാകുളം ജംഗ്ഷനുമാണ് (267.50 കോടി) ഒന്നും രണ്ടും സ്ഥാനത്തുള്ളത്. തൃശൂർ, എറണാകുളം ടൗൺ എന്നിവ തൊട്ടു പിന്നിലുണ്ട്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ 300 കോടി ക്ളബിൽ കയറി. കഴിഞ്ഞ വർഷത്തെ വാർഷിക വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ പാലക്കാട് ജംഗ്ഷനേക്കാൾ മുന്നിലാണ് കണ്ണൂർ റെയിൽവെ സ്റ്റേഷൻ. കോട്ടയത്തേക്കാൾ മുന്നിൽ ആലുവയും. എന്നാൽ കൊയിലാണ്ടിയിൽ കഴിഞ്ഞ വർഷത്തെക്കാൾ വരുമാനം കുറഞ്ഞിട്ടുണ്ട്. 10 കോടിയോളം കുറഞ്ഞതായാണ് വിവരാവകാശ റിപ്പോർട്ടിൽ പറയുന്നത്. ഇത് ശരിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേൻ ഭാരവാഹികൾ പറയുന്നു. വരുമാനം കുറഞ്ഞാൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിന് തടസമാകുമെന്ന് ആശങ്കയുണ്ട്. വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക. വടകര സ്റ്റേഷനും വരുമാനത്തിൽ മുന്നിലെന്നാണ് വിവരം.
യാത്രക്കാരുടെ എണ്ണത്തിലും ടിക്കറ്റ് നിരക്കിലുമുണ്ടായ വർദ്ധനയാണ് കൂടുതൽ വരുമാനം ലഭിക്കാൻ കാരണം. ടിക്കറ്റ് കാൻസലേഷൻ ഇനത്തിലും വരുമാനം കൂടിയിട്ടുണ്ടെന്നാണ് വിവരം. കാൻസലേഷൻ നിരക്കും വർദ്ധിപ്പിച്ചു. കേരളത്തിൽ പുതിയ ട്രെയിനുകൾ ആരംഭിക്കുകയും സ്പെഷ്യൽ ട്രെയിൻ സർവീസ് വർദ്ധിപ്പിച്ചതും വരുമാനം കൂടാനിടയാക്കി.
വന്ദേഭാരത്, അന്ത്യോദയ ഉൾപ്പെടെ പുതിയ 15 ട്രെയിനുകൾ കഴിഞ്ഞ വർഷം അനുവദിച്ചിട്ടുണ്ടെങ്കിലും യാത്രക്കാരുടെ എണ്ണം കൂടിയതിന് ആനുപാതികമല്ല ഇത്. അതുകൊണ്ടുതന്നെ തിരക്ക് കുറയുന്നില്ല. പ്രത്യേകിച്ചും മലബാറിൽ. ഇത് പരിഗണിച്ച് ഇനിയും പുതിയ ട്രെയിനുകൾ അനുവദിക്കണമെന്നാണ് ആവശ്യം. ട്രെയിൻ സർവീസ് നീട്ടുമ്പോൾ കോഴിക്കോടിനെയും കണ്ണൂരിനെയും പരിഗണിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |