കോഴിക്കോട്: നിപ, ഷിഗെല്ല, മലമ്പനി, മലേറിയ ... പകർച്ചവ്യാധികൾ പടർന്ന് പിടിക്കുമ്പോഴും ജില്ലയുടെ വഴിയോരങ്ങൾ ചീഞ്ഞു നാറുന്നു. നഗരത്തിന്റെ പല ഭാഗങ്ങളിലും ഗ്രാമങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വഴിയോരങ്ങളിലും നിറയെ മാലിന്യച്ചാക്കുകളാണ്. മഴ പെയ്തതോടെ ചാക്കുകളിൽ വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകുന്ന സ്ഥിതിയാണ്.
കിഴക്കേ നടക്കാവ് ബസ് സ്റ്റാൻഡിന് പിന്നിൽ പ്ലാസ്റ്റിക് മാലിന്യത്തിന് പുറമെ ഭക്ഷണ അവശിഷ്ടങ്ങൾ, ശുചിമുറി, അറവുശാല മാലിന്യമുൾപ്പെടെയുണ്ട്. മൂക്കുപൊത്താതെ പ്രദേശത്ത് നിൽക്കാനാവില്ല. കൊതുകും കൂത്താടിയും നിറഞ്ഞ അഴുകിയ വെള്ളം മഴ പെയ്തതോടെ റോഡിലേക്ക് ഒലിച്ചിറങ്ങുന്നു. സാംസ്‌കാരിക ഹൃദയമായ ടാഗോർ ഹാൾ പരിസരവും മാലിന്യക്കൂമ്പാരമാണ്. റോഡിന് ഇരുവശങ്ങളിലുമായി ഹരിതകർമ്മസേന കൂട്ടിയിട്ടിരുന്ന മാലിന്യചാക്കുകൾ ഇപ്പോൾ ഇവിടെയാണ് ശേഖരിക്കുന്നത്. ഒരാൾ പൊക്കത്തിൽ നൂറിലധികം ചാക്കുകളുണ്ടിവിടെ. ബീച്ചിന്റെ പല ഭാഗങ്ങളിലും മിഠായിത്തെരുവ്, കനോലി പരിസരം തുടങ്ങിയ ഇടങ്ങളിലെല്ലാം സ്ഥിതി വ്യത്യസ്തമല്ല. ചെറിയ മഴയിൽ പോലും പലയിടത്തും ഓടകൾ നിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകുന്നു. വൃത്തിയാക്കുന്ന ഓടകളിലെ മാലിന്യം വീണ്ടും ഓടകൾക്ക് സമീപം നിക്ഷേപിക്കുന്ന സ്ഥിതിയാണ്. നഗരത്തിൽ മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലും ഇതുതന്നെയാണ് അവസ്ഥ.
ശുചീകരണം പേരിന് മാത്രമോ?
മഴക്കാലപൂർവ ശുചീകരണം പേരിന് മാത്രമായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. മാലിന്യം കുമിഞ്ഞുകൂടുമ്പോഴും നീക്കാൻ നടപടികളില്ല. ശേഖരിക്കുന്ന മാലിന്യം ദിവസങ്ങളോളം കെട്ടിക്കിടക്കുകയാണ്. പല വാർഡുകളിലെയും മിനി എം.സി.എഫുകൾ ശരിയായി പ്രവർത്തിക്കുന്നില്ലെന്ന പരാതിയുമുണ്ട്. ബീച്ചിലെ ഫുഡ് സ്ട്രീറ്റിലടക്കം വെള്ളക്കെട്ടും രൂക്ഷമാണ്. മഴക്കാലപൂർവ ശുചീകരണം മിക്കയിടങ്ങളിലും മന്ദഗതിയിലായതോടെ രോഗബാധിതരുടെ എണ്ണവും കുതിച്ചു.
പനിച്ചു വിറച്ചെത്തി 13313 പേർ
ജൂൺ1 മുതൽ 15വരെ സർക്കാർ ആശുപത്രികളിൽ 13313 പേരാണ് പനിക്ക് ചികിത്സ തേടിയത്. പനിയോടൊപ്പം വയറിളക്ക രോഗങ്ങളുമുണ്ട്. നാല് പേർക്കാണ് ഈ മാസം മലമ്പനി സ്ഥിരീകരിച്ചത്. 22 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഈ വർഷം 74 കേസുകളുണ്ടായി. രണ്ട് മരണവും. ഒരു കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും എലിപ്പനിയും പടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |