SignIn
Kerala Kaumudi Online
Monday, 25 May 2026 12.49 PM IST

സാദ്ധ്യതകൾ ഉപയോഗപ്പെടുത്താതെ പൊന്നാനിയിലെ ബീച്ച് ടൂറിസം മേഖല 

പൊന്നാനി : പരമ്പരാഗത തുറമുഖ നഗരമായിട്ടും ടൂറിസം ഭൂപടത്തിൽ പൊന്നാനിയിലെ ബീച്ചിനെ വേണ്ട വിധം ഉപയോഗപ്പെടുത്താതെ അധികൃതർ.

ആഴമുള്ള ബീച്ച് പരിസരവും ഭാരതപ്പുഴ അറബിക്കടലിൽ പതിക്കുന്ന അഴിമുഖവുമെല്ലാം പൊന്നാനിയുടെ ആകർഷക കാഴ്ചകളാണ്. എന്നാൽ വികസനമില്ലായ്മ സഞ്ചാരികളെ പിറകോട്ടടിക്കുന്നു. ബീച്ചിലേക്കുള്ള വീതി കുറഞ്ഞ തകർന്ന റോഡ് വികസിപ്പിക്കേണ്ടത് അനിവാര്യമാണ്. ചമ്രവട്ടം ജംഗ്ഷൻ വഴി വരുന്നവർക്ക് മുന്നിലെ പ്രധാന വെല്ലുവിളി പൊന്നാനി അങ്ങാടിയിലെ ഇടുങ്ങിയ വഴിയും വീതികുറഞ്ഞ അങ്ങാടിപ്പാലവുമാണ്. ഗതാഗതക്കുരുക്ക് ഇവിടങ്ങളിൽ രൂക്ഷമാണ്. ഇതിനൊരു പരിഹാരമുണ്ടായാൽ തന്നെ ഒരുപാട് പേർക്ക് അവധി ദിവസങ്ങളിലും വിശേഷ ദിവസങ്ങളിലും ഇങ്ങോട്ട് വരാനാവും. ബീച്ച് പരിസരത്ത് വാഹന പാർക്കിംഗിനുള്ള സൗകര്യക്കുറവും കഫെറ്റീരിയ പോലുള്ള സംവിധാനങ്ങളില്ലാത്തതും ടോയ്ലറ്റ് സൗകര്യങ്ങളുടെ അപര്യാപ്തതയും സന്ദർശകർക്ക് പ്രയാസം സൃഷ്ടിക്കുന്നു. ആഘോഷവേളകളിൽ ഒരുപാട് പേർ എത്തുന്നുണ്ടെങ്കിലും ഇവരുടെ സുരക്ഷക്ക് വേണ്ട ജീവനക്കാർ ഇവിടെയില്ല.

നിലവിൽ കർമ്മ റോഡ് കേന്ദ്രീകരിച്ചും ബിയ്യം കായൽ കേന്ദ്രീകരിച്ചുമുള്ള ടൂറിസം പ്രവർത്തനങ്ങൾക്കൊപ്പം പൊന്നാനി ബീച്ചിനെ കൂടി പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്.

സാദ്ധ്യതകളേറെ

നവീകരിച്ച ലൈറ്റ്ഹൗസ് ബീച്ചിന്റെ പ്രധാന ആകർഷണീയതയാണ്. ഇവിടെ കുട്ടികൾക്കായി ചെറിയൊരു പാർക്കും നിലവിലുണ്ട്. വൈകുന്നേങ്ങളിൽ പ്രവർത്തിക്കുന്ന ലൈറ്റ് ഹൗസിലേക്ക് അത്യാവശ്യം സന്ദർശകരെത്തുന്നുണ്ട്. നിലവിൽ പൊന്നാനി ഭാഗത്തുള്ളവർ കൂടുതലും ആശ്രയിക്കുന്നത് ചാവക്കാട് ബീച്ചിനെയാണ്. മനോഹരമായ മണൽതിട്ടകളും വിശാലമായ ഇടവുമുള്ള പൊന്നാനി കടൽതീരം ഇരിപ്പിടങ്ങളൊരുക്കിയും മറ്റും ആകർഷകമാക്കിയാൽ കൂടുതൽ സഞ്ചാരികൾ ഇങ്ങോട്ടേക്കെത്തും. പൊന്നാനി ബീച്ചിന്റെ പരിസരത്തേയ്ക്ക് ഏത് സമയത്തും ബസ് സർവീസുണ്ട്. വാട്ടർ സ്‌കൂട്ടറുകളും സ്പീഡ് ബോട്ട് സംവിധാനങ്ങളും ഒരുക്കി മാലിന്യമുക്തമാക്കി ബിച്ചിനെ കൂടുതൽ ആകർഷമാക്കണമെന്നാണ് ആവശ്യം. പൊന്നാനി അങ്ങാടി പരിസരത്ത് നിലകൊള്ളുന്ന പഴയ കെട്ടിടങ്ങൾ മട്ടാഞ്ചേരി മാതൃകയിൽ സംരക്ഷിച്ച് ബീച്ച് ടൂറിസം വിപുലപ്പെടുത്തണമെന്ന് ആവശ്യമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, BEACH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL