മലപ്പുറം: തോൽവിയുടെ കാര്യത്തിൽ മലപ്പുറത്ത് സി.പി.എമ്മിന് സർവ്വകാല റെക്കാഡാണെന്ന് പൊളിറ്റ് ബ്യൂറോയംഗം എ.വിജയരാഘവൻ പറഞ്ഞു. മലപ്പുറം പ്രസ് ക്ലബിലെ മീറ്റ് ദ ലീഡർ പരിപാടിയിൽ തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മറുപടി. 'ഞങ്ങൾ എത്ര തോൽവിയാണ് മലപ്പുറത്ത് നേരിട്ടത്. ആദ്യമായി തോറ്റ പോലെയാണ് ചോദ്യം. തോൽവിയുടെ കാര്യത്തിൽ സർവ്വകാല റെക്കാഡാണ് മലപ്പുറത്ത് സി.പി.എമ്മിന്. തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ കണക്കാക്കിയല്ല പാർട്ടി മുന്നോട്ടുപോകുന്നത്. അതിന്റെ അർത്ഥം തോൽക്കാൻ വേണ്ടി മത്സരിക്കുന്നു എന്നല്ല, ജയിച്ചാൽ സന്തോഷം. മലപ്പുറം ജില്ലയിൽ തോൽക്കാത്ത ഒരു ലീഗ് നേതാവുമില്ല. പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ, കെ.പി.എ.മജീദ്, എം.കെ.മുനീർ... എല്ലാവരും തോറ്റിട്ടുണ്ട്. ലീഗിന് ഏറ്റവും വലിയ തിരിച്ചടിയാണ് വരാൻ പോകുന്നതെന്നും എ.വിജയരാഘവൻ പറഞ്ഞു.
മങ്കടയിൽ സി.പി.എം സ്ഥാനാർത്ഥിയെ പിൻവലിക്കാനുള്ള സാഹചര്യം ?
പാണക്കാട് തങ്ങൾ പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥിയെ എതിർപ്പില്ലാതെ അംഗീകരിക്കുകയെന്ന ലീഗിലെ പതിവ് തെറ്റിയിട്ടുണ്ട്. മങ്കട ലീഗ് മണ്ഡലം പ്രസിഡന്റ് കുന്നത്ത് മുഹമ്മദിന്റെ രാജി ഉദാഹരണം. മുഹമ്മദ് എൽ.ഡി.എഫിന്റെ പിന്തുണ അഭ്യർത്ഥിച്ചിരുന്നു. മങ്കടയിൽ ജയിക്കുകയെന്നതാണ് പ്രധാനം. മഞ്ഞളാംകുഴി അലി ചതിച്ചുപോയതാണ്. അതിനുള്ള മറുപടി നൽകണം.
സാദിഖലി തങ്ങൾക്കെതിരായ സോഷ്യൽമീഡിയ അവഹേളനം വലിയ ചർച്ചയായിട്ടുണ്ട്.
സാദിഖലി തങ്ങൾ മാന്യമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നയാളാണ്. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടണം. ഇടതുപക്ഷം അങ്ങനെയാണ് ചെയ്യാറുള്ളത്.
പാർട്ടിയിൽ നിന്ന് നേതാക്കൾ കൊഴിഞ്ഞുപോവുന്നുണ്ടല്ലോ
ഒരു ബൂർഷ്വാ സമൂഹത്തിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിക്കുന്നത്. സ്വാഭാവികമായും മൂല്യബോധമില്ലായ്മയും തീവ്രവർഗീയവൽക്കരണവും വർദ്ധിക്കും. ഇത്തരം ആപത്തുകളെ കുറിച്ചുള്ള മുന്നറിയിപ്പും ജാഗ്രതയും പാർട്ടി സമ്മേളനങ്ങളിൽ നൽകാറുണ്ട്. എങ്കിലും അത്യപൂർവ്വമായി ചിലയാളുകൾ ഇത്തരം തെറ്റുകൾക്ക് വിധേയരാവാറുണ്ട്.പാർട്ടിക്കകത്ത് പരിശീലിപ്പിച്ചെടുക്കേണ്ട ഉന്നതമായ ജീവിതചര്യകളും മൂല്യങ്ങളിലും കുറവ് സംഭവിക്കുന്നുണ്ടോയെന്ന ആത്മപരിശോധന നടത്തുന്നുണ്ട്. മറുകണ്ടംചാടിയ ഒരാളും പൊതുജീവിതത്തിൽ മെച്ചപ്പെട്ടിട്ടില്ല.
പത്തിടങ്ങളിൽ സി.പി.എം-ബി.ജെ.പി ഡീലെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം
വിലയുള്ള വാക്കേ പ്രതിപക്ഷ നേതാവ് പറയാവൂ. എല്ലാ വിഭാഗത്തിന്റെയും പിന്തുണയാർജ്ജിക്കാൻ കഴിയുന്ന നല്ല സ്ഥാനാർത്ഥിയെ പാലക്കാട് നിറുത്തിയതാണ് സതീശന്റെ ബുദ്ധിമുട്ട്. പാലക്കാട്ടെ കോൺഗ്രസിന് മുതൽക്കൂട്ടാവുമെന്ന് സതീശനും ഷാഫിയും പറഞ്ഞ സ്ഥാനാർത്ഥിയെ പിന്നീട് എവിടെയാണ് കണ്ടതെന്ന് എല്ലാവർക്കുമറിയാം. വർഗീയതക്കെതിരായ കൃത്യമായ നിലപാട് സതീശനില്ല. ബി.ജെ.പിയുമായി ഡീൽ നടത്താത്ത ഒരാളും കെ.പി.സി.സിയുടെ തലപ്പത്തുണ്ടാവില്ല
ബി.ജെ.പി അക്കൗണ്ട് തുറക്കുമോ?
അക്കൗണ്ട് തുറക്കാനുള്ള അതിയായ ആഗ്രഹം അവർക്കുണ്ടെങ്കിലും അത് സാദ്ധ്യമാവില്ല. അതിനായുള്ള മികച്ച പ്രവർത്തനമാണ് എൽ.ഡി.എഫ് നടത്തുന്നത്
എത്ര സീറ്റ് ലഭിക്കും?
കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റ് ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |