SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.49 PM IST

പക്ഷിപ്പനി: ജാഗ്രതാ നിർദ്ദേശമേകി ആരോഗ്യവകുപ്പ്

Increase Font Size Decrease Font Size Print Page

മലപ്പുറം: സമീപ ജില്ലയായ കോഴിക്കോട് പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വളർത്തുപക്ഷികളുമായി അടുത്തിടപഴകുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. ജയന്തി അറിയിച്ചു.

പക്ഷികളിൽ കാണപ്പെടുന്ന ഇൻഫ്ലുവൻസ എ വൈറസ് മൂലമുണ്ടാകുന്ന പകരുന്ന രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്ളുവൻസ. പക്ഷികളിൽ നിന്നും പക്ഷികളിലേക്കാണ് ഇത് പകരാറുള്ളത്. കോഴി, താറാവ്, കാട, വാത്ത്, ടർക്കി, അലങ്കാര പക്ഷികൾ തുടങ്ങി എല്ലാ ഇനം പക്ഷികളേയും ഈ രോഗം ബാധിക്കാം. അപൂർവ്വമായി മനുഷ്യരിലേക്ക് പകരാനും രോഗം ഗുരുതരമാവാനും സാദ്ധ്യതയുണ്ട്. അതിനാൽ പക്ഷികളുമായും മൃഗങ്ങളുമായും സുരക്ഷിതമായ അകലം പാലിക്കണം. രോഗബാധയേറ്റ കോഴി, താറാവ്, വളർത്തുപക്ഷികൾ ഇവയെ പരിപാലിക്കുന്നവർ, അടുത്ത സമ്പർക്കം പുലർത്തുന്നവർ, മാംസം കൈകാര്യം ചെയ്യുന്നവർ, കശാപ്പുകാർ, വെറ്ററിനറി ഡോക്ടർമാർ, രോഗനിയന്ത്രണത്തിനായി പക്ഷികളെ നശിപ്പിക്കാൻ നിയോഗിക്കപ്പെട്ടവർ, സഹായികൾ എന്നിവർ പ്രതിരോധ നടപടികൾ സ്വീകരിക്കണം. പനി, ശക്തമായ ശരീരവേദന, കണ്ണിന് ചുവപ്പ്, ചുമ, വയറിളക്കം, മൂക്കൊലിപ്പ്,​ കഫത്തിൽ രക്തം, ശ്വാസം മുട്ട് എന്നിവയാണ് മനുഷ്യരിലെ രോഗലക്ഷണങ്ങൾ.

മുൻകരുതലുകൾ

  • പക്ഷികളോ മൃഗങ്ങളോ ചത്ത് വീഴുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ആരോഗ്യസ്ഥാപനത്തിലും മൃഗാശുപത്രിയിലും അറിയിക്കണം.
  • പക്ഷികളെ ആകർഷിക്കും വിധം മാംസാവശിഷ്ടങ്ങളും ആഹാര അവശിഷ്ടങ്ങളും വലിച്ചെറിയരുത്. അവ സുരക്ഷിതമായി സംസ്‌കരിക്കുക.
  • പക്ഷികളുടെ കാഷ്ഠമോ മറ്റു സ്രവങ്ങളോ ശരീരത്തിൽ വീഴുകയോ മൃതശരീരം തൊടുകയോ ചെയ്താലുടൻ സോപ്പുപയോഗിച്ച് കഴുകുകയോ കുളിക്കുകയോ ചെയ്യുക.
  • വളർത്തുപക്ഷികളുടെ കൂടു വൃത്തിയാക്കുമ്പോഴും മുട്ട, മാംസം എന്നിവ കൈകാര്യം ചെയ്യുമ്പോഴും മാസ്‌ക്കും നീളമുള്ള കൈയുറയും ധരിക്കുക.
  • കോഴി, താറാവ്, കാട തുടങ്ങിയ വളർത്തുപക്ഷികളുമായി അകലം പാലിക്കുക.
  • വളർത്തുപക്ഷികളെ എടുക്കാനും താലോലിക്കാനും കുട്ടികളെ അനുവദിക്കരുത്.
  • പക്ഷികൾക്ക് പ്രകടമായ രോഗലക്ഷണങ്ങളില്ലെങ്കിലും അടുത്തിടപഴകരുത്.
  • മുട്ട, മാംസം എന്നിവ നന്നായി സമയമെടുത്ത് വേവിച്ച് മാത്രം കഴിക്കുക.
  • രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കുക. സ്വയംചികിത്സ പാടില്ല
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ