മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോൾ വേനൽച്ചൂടിൽ വിയർക്കുകയാണ് സ്ഥാനാർത്ഥികൾ. പലരും പ്രചാരണ സമയങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ ഏഴിന് ആരംഭിക്കുന്ന പ്രചാരണം 12ഓടെ അവസാനിപ്പിക്കും. തുടർന്ന് വൈകിട്ട് മൂന്ന് വരെ അവലോകന യോഗങ്ങളും ചർച്ചകളുമാണ് നടക്കുന്നത്. ശേഷം വീണ്ടും പ്രചാരണ പ്രവർത്തനങ്ങളിലേക്ക് കടക്കുന്ന രീതിയാണ് നിലവിൽ പൊതുവെ കണ്ടുവരുന്നത്. ചൂട് കൂടിയ ഭക്ഷണങ്ങളായ ചിക്കൻ ഉൾപ്പെടെയുള്ളവ പ്രചാരണ സമയത്ത് ഒഴിവാക്കി പച്ചക്കറികളാണ് പലരും തിരഞ്ഞെടുക്കുന്നത്. നിർജ്ജലീകരണം ഒഴിവാക്കാൻ കൃത്യമായ ഇടവേളകളിൽ സ്ഥാനാർത്ഥികൾ വെള്ളം കുടിക്കുന്നുണ്ട്. കുടിവെള്ളവും കരുതിയാണ് പ്രചാരണ യാത്ര. ചൂടിന് ശമനം ലഭിക്കാൻ കട്ടി കുറഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങളാണ് പ്രചാരണത്തിന് കൂടുതലായും ധരിക്കുന്നത്. ചൂടിനെ വകവെയ്ക്കാതെയാണ് സ്ഥാനാർത്ഥികൾക്കൊപ്പം പ്രവർത്തകരും പ്രചാരണത്തിന് ഇറങ്ങുന്നത്. ചുട്ടുപൊള്ളുന്ന വെയിലിൽ പ്രചാരണം ബുദ്ധിമുട്ടാണെങ്കിലും തിരഞ്ഞെടുപ്പിന് ദിവസങ്ങൾ കുറവായതിനാൽ ശക്തമായ പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവാതെ വഴിയില്ല.
അതേസമയം, ഇനിയും ചൂട് ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ഇന്നലെ പകൽ ജില്ലയിൽ 37 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പിന് 13 ദിവസം അവശേഷിക്കുന്നതിനാൽ അതിവേഗ പ്രചാരണ പ്രവർത്തനങ്ങളാണ് ജില്ലയിൽ പുരോഗമിക്കുന്നത്.
ശരീരത്തിന് തണുപ്പും ഊർജ്ജവും ലഭിക്കാനായി കൂവ വെള്ളം ഫ്ളാസ്‌കിൽ കരുതിയാണ് പ്രചാരണത്തിന് പോവുന്നത്. ഇളം നിറത്തിലുള്ള വസ്ത്രമാണ് ചൂടിനെ പ്രതിരോധിക്കാൻ ധരിക്കുന്നത്.
അഡ്വ.ഷഫീർ കിഴിശ്ശേരി ( ഏറനാട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി)
വീട്ടിൽ നിന്നുള്ള തിളപ്പിച്ചാറിയ വെള്ളം കൈവശമുണ്ടാകും. തണ്ണിമത്തൻ പോലെ കൂടുതൽ ജലാംശമുള്ള പഴങ്ങൾ വാഹനത്തിൽ സൂക്ഷിക്കും. ഉച്ച സമയത്ത് പ്രചാരണം നിറുത്തിവെയ്ക്കും.
കുറുക്കോളി മൊയ്തീൻ, തിരൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി
പ്രചാരണ സമയത്ത് വെജിറ്റേറിയൻ ഭക്ഷണമാണ് കഴിക്കാറ്. ഇടവിട്ട് ധാരാളം വെള്ളം കുടിയ്ക്കും.
സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി, കോട്ടയ്ക്കൽ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |