പുളിക്കൽ: നിയമങ്ങളെയും പാവപ്പെട്ടവന്റെ ദാഹജലത്തെയും ഒരേപോലെ വെല്ലുവിളിച്ച് ചെറുകാവ് ഗ്രാമപഞ്ചായത്തിലെ ചേലപ്പാടത്ത് ഭൂമാഫിയ അഴിഞ്ഞാടുന്നതായി പരാതി. ചേലപ്പാടത്തെ നെൽവയലുകൾ അനധികൃതമായി നികത്തുന്നത് മാംഗ്ലാരികുന്ന്, കാപ്പിൽ ഭാഗങ്ങളിലെ നൂറിലധികം കുടുംബങ്ങളുടെ ഏക കുടിവെള്ള സ്രോതസ്സായ 'ജലനിധി' പദ്ധതിയെ വരൾച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. ജനജീവിതം ദുസ്സഹമായ കടുത്ത വേനലിലും ഒരു ഗ്രാമത്തിന് തണലായിരുന്ന കുടിവെള്ള പദ്ധതിയാണ് മണ്ണ് മാഫിയയുടെ ലാഭക്കൊതിയിൽ ഇല്ലാതാകുന്നത്.
രണ്ടര പതിറ്റാണ്ട് മുമ്പാണ് മാംഗ്ലാരികുന്ന് ജലനിധി കുടിവെള്ള പദ്ധതിക്ക് തുടക്കമിട്ടത്. ഇതിനായി ചേലപ്പാടത്ത് കിണറും മാംഗ്ലാരി കുന്നിൽ കൂറ്റൻ ജലസംഭരണിയും സ്ഥാപിച്ചു. കൊടിയ വരൾച്ച അനുഭവിച്ചിരുന്ന കാപ്പിൽ, മാംഗ്ലാരി കുന്ന് നിവാസികൾക്ക് പദ്ധതി നിലവിൽ വന്നത് വലിയ ആശ്വാസമായിരുന്നു. അടുത്ത കാലത്തായി പദ്ധതിയുടെ കിണറിന് സമീപത്തെ വയലുകൾ ഭൂമാഫിയ വാങ്ങിക്കൂട്ടിയതോടെയാണ് പ്രദേശത്തിന്റെ ദുര്യോഗം തുടങ്ങിയത്.
ആർ.ഡി.ഒയുടെ അനുമതിയില്ലാതെ നെൽവയലുകളിൽ മണ്ണുമാന്തി യന്ത്രം ഇറക്കരുതെന്ന കർശന നിയമം നിലനിൽക്കെ, അത് കാറ്റിൽപ്പറത്തിയാണ് ഇവിടെ മണ്ണ് ഖനനവും നികത്തലും നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഏക്കർ കണക്കിന് നെൽവയലുകളാണ് ഇതിനോടകം തരം മാറ്റി തെങ്ങും കവുങ്ങും വച്ചുപിടിപ്പിച്ചത്. ഉദ്യോഗസ്ഥരുടെ പരിശോധന ഭയന്ന് ശനി, ഞായർ ഉൾപ്പെടെയുള്ള അവധി ദിവസങ്ങൾ മുതലെടുത്താണ് മണ്ണിറക്കി വയൽ മൂടുന്നത്. നിലം നികത്തുന്നതോടെ ഭൂമിക്കടിയിലെ ജലസമൃദ്ധമായ ഉറവകൾ അടഞ്ഞുപോകുമെന്നും ഇത് കിണറിലെ ജലനിരപ്പ് താഴ്ത്തി പദ്ധതി പൂർണ്ണമായും തകർക്കുമെന്നും നാട്ടുകാർ ഭയപ്പെടുന്നു.
ഉത്തരവിന് പുല്ലുവില
പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം ചെറുകാവ് വില്ലേജ് ഓഫീസറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുകയും അനധികൃത നികത്തലിന് സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തിരുന്നു.
എന്നാൽ അധികൃതരുടെ ഈ ഉത്തരവിനെ പുല്ലുവില കൽപ്പിച്ച് വീണ്ടും നികത്തൽ തുടരുന്ന കാഴ്ചയാണ് ചേലപ്പാടത്ത് കാണുന്നത്.
കുടിവെള്ള പദ്ധതി കമ്മിറ്റി റവന്യൂ മന്ത്രിക്കും ജില്ലാ കളക്ടർക്കും പരാതി നൽകി നീതിക്കായി കാത്തിരിക്കുകയാണ്.
ഒരു ജനതയുടെ ദാഹം കെടുത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ വലിയ ജനകീയ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |