മലപ്പുറം: മരണത്തിലും ഈ കൂട്ടുകാർ പിരിയില്ല. മങ്കട വെള്ളിലയിൽ മിന്നലേറ്റ് മരിച്ച നാലു സുഹൃത്തുക്കളുടെയും ഭൗതിക ശരീരം മലയിൽ റഹ്മാനിയ ജുമമാസ്ജിദിൽ അടുത്തടുത്തായി ഒരുക്കിയിരിക്കുന്ന നാല് ഖബറുകളിൽ അന്ത്യ വിശ്രമം കൊള്ളും. നാട്ടുകാരും സുഹൃത്തുക്കളുമായ നാല് പേരുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് ഒരു പ്രദേശമാകെ. ഇന്നലെ ചിരിച്ചും തമാശകൾ പറഞ്ഞും മങ്കട വെള്ളിലയിലെ കുരങ്ങൻചോല വ്യൂപോയിന്റിൽ എത്തിയതായിരുന്നു സുഹൃത്തുക്കളായ ഏഴ് പേരും. എന്നാൽ, ഇടയ്ക്കിടെ തങ്ങളുടെ വിശ്രമ വേളകൾ ആനന്ദകരമാക്കുന്ന ഇവിടം മരണ ഇടമാകുമെന്ന് ഇവർ ചിന്തിച്ചിരുന്നില്ല.
പുതുക്കുടി മലയിൽ അലിയുടെ മകൻ റഹീസ് (20), കൂരിമണ്ണിൽ പുത്തൻവീട്ടിൽ മലയിൽ സെയ്തലവിയുടെ മകൻ ബഹാസ് (18), ആലിക്കാപറമ്പിൽ അസീസിന്റെ മകൻ മുഹമ്മദ് സിയാദ് (18), കറുത്താൻകുത്തിൽ നിസാറിന്റെ മകൻ ഫഹദ് (22), ഫഹദിന്റെ സഹോദരൻ റോഷൻ (20), വെള്ളില മലയിൽ വീട്ടിൽ മുഷ്താഖിന്റെ മകൻ ഇഷ്ഹാത് (19), പുതുക്കുടി വീട്ടിൽ അലിയുടെ മകൻ സൽമാനുൽ ഫാരിസ് (21) എന്നിവരാണ് സായാഹ്നം ചെലവഴിക്കാൻ ഇവിടെയെത്തിയത്. അപ്രതീക്ഷിതമായി മഴയും അതിശക്തമായ കാറ്റുമെത്തി. പെട്ടന്നുണ്ടായ ഇടിമിന്നലിൽ ഏഴ് പേരും ബോധരഹിതരായി. റഹീസ്, ബഹാസ്, മുഹമ്മദ് സിയാദ്, ഫഹദ് എന്നിവർ ജീവിതത്തോട് അവസാനമായി യാത്ര പറഞ്ഞു. മൃതദേഹം വെള്ളില ടസ്‌കർ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. ഇന്നലെ രാത്രിയോടെ ഇവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ അവരുടെ വീടുകളിലേക്ക് കൊണ്ടു പോകും. തുടർന്നാണ് ഖബറടക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |