മലപ്പുറം: മലപ്പുറം എം.എസ്.പി സ്‌കൂളിലെ അദ്ധ്യാപക നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ ഉത്തരവ് സ്കൂൾ അധികൃതർ നടപ്പാക്കുന്നില്ല. ഇതു സംബന്ധിച്ച് 2025 ഏപ്രിൽ 29ന് സർക്കാർ ഉത്തരവിറക്കിയെങ്കിലും ഒരുവർഷമായിട്ടും ഒരു ഒഴിവ് പോലും പി.എസ്.സിയിലേക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. വിദ്യാഭ്യാസ മന്ത്രി വി.എസ്.ശിവൻകുട്ടിയുടെ പ്രഖ്യാപനത്തിന് പിന്നാലെ നിയമനം പി.എസ്.സിക്ക് കൈമാറിയുള്ള ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയിരുന്നു. നിയമനം സംബന്ധിച്ച് ഒരു തുടർനടപടികളും ഉണ്ടായിട്ടില്ല. ഇക്കാര്യം ഉന്നയിച്ച് ഉദ്യോഗാർത്ഥികൾ നിരന്തരം മന്ത്രിമാരേയും ഉദ്യോഗസ്ഥരെയും കണ്ടെങ്കിലും നിരാശയാണ് ഫലം. 2021ൽ തന്നെ നിയമനം പി.എസ്.സിക്ക് വിടുമെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല.
എം.എസ്.പി കമാൻഡന്റിനാണ് എയ്ഡഡ് സ്ഥാപനമായ എം.എസ്.പി സ്കൂളിന്റെ ചുമതല. മാനേജർ കൂടിയായ കമാൻഡന്റിനാണ് അദ്ധ്യാപക നിയമ നടപടികളുടെ ചുമതലയെന്നാണ് വിവരം. വിവിധ വിഷയങ്ങളിലായി പത്തിൽ കൂടുതൽ ഒഴിവുകൾ എം.എസ്.പി സ്‌കൂളിൽ ഉണ്ടായിരിക്കെ സ്‌കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടാവാത്തതിൽ ഉദ്യോഗാർത്ഥികൾ നിരാശയിലാണ്. മലപ്പുറം ഡി.ഡി ഓഫീസിലും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസീലും അന്വേഷിച്ചെങ്കിലും സ്‌കൂളിൽ നിന്ന് ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട നടപടിയോട് സ്‌കൂൾ അധികൃതർക്കുള്ള എതിർപ്പാണ് ഉത്തരവ് നടപ്പാക്കുന്നത് വൈകിപ്പിക്കുവാൻ കാരണമെന്ന് ആക്ഷേപമുണ്ട്.
വേണം വേഗത്തിൽ നടപടി
വിവിധ വിഷയങ്ങളിലെ ഹൈസ്‌കൂൾ അദ്ധ്യാപകരുടെ റാങ്ക് ലിസ്റ്റുകൾ ഈ വർഷം അവസാനിക്കും. ഇതുകൊണ്ടുതന്നെ എം.എസ്.പി സ്‌കൂൾ അദ്ധ്യാപക നിയമനം പി.എസ്.സിക്ക് വിടുന്ന കാര്യത്തിൽ എത്രയും വേഗം തിരുമാനമെടുക്കണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. എം.എസ്.പി സ്കൂളിലെ നിയമനങ്ങളിൽ അഴിമതി ആരോപണം ഉയർന്നതോടെയാണ് നിയമനം പി.എസ്.സിക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്. മുൻ എസ്.പിയും എം.എസ്.പി കമാൻഡന്റുമായിരുന്ന സുജിത് ദാസിന് എതിരെ നിയമനങ്ങളിൽ ക്രമക്കേട് ആരോപിച്ച് വിദ്യാർത്ഥി സംഘടനകളുൾപ്പടെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |