SignIn
Kerala Kaumudi Online
Sunday, 17 May 2026 5.10 AM IST

കുംഭമേളയ്ക്ക് ബുക്ക് ചെയ്ത റൂം നിഷേധിച്ചു; ഐ.ആർ.സി.ടി.സി.ക്കും മേക്ക് മൈ ട്രിപ്പിനും 50,000 രൂപ പിഴ

മലപ്പുറം: കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ് രാജിൽ ബുക്ക് ചെയ്ത ഹോട്ടൽ മുറി നിഷേധിച്ച സംഭവത്തിൽ ഐ.ആർ.സി.ടി.സി.ക്കും ഓൺലൈൻ ബുക്കിംഗ് പോർട്ടലായ മേക്ക് മൈ ട്രിപ്പിനുമെതിരെ ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ നടപടി. സേവനത്തിൽ വീഴ്ച വരുത്തിയതിന് പരാതിക്കാർക്ക് 50,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതിച്ചെലവും നൽകാൻ കമ്മിഷൻ ഉത്തരവിട്ടു. കൂടാതെ ഹോട്ടലിൽ നിന്നും പരാതിക്കാരിൽ നിന്ന് അധികമായി ഈടാക്കിയ 7,827 രൂപ തിരികെ നൽകാനും കോടതി വിധിച്ചു.

മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കെ.ബി. പരമേശ്വരൻ , സഹോദരൻ ബാലാജി ശങ്കർ, സുഹൃത്ത് മണികണ്ഠൻ എന്നിവരുടെ പരാതിയിലാണ് ഉത്തരവ്. കഴിഞ്ഞ കുംഭമേളയോടനുബന്ധിച്ച് പ്രയാഗ് രാജിലെ 'അതിഥി സ്റ്റേ ലോഡ്ജ്' എന്ന ഹോട്ടലിൽ മൂന്ന് ദിവസത്തേക്ക് താമസിക്കാനാണ് ഇവർ ഐ.ആർ.സി.ടി.സി. വഴി മേക്ക് മൈ ട്രിപ്പ് മുഖേന മുൻകൂട്ടി മുറി ബുക്ക് ചെയ്തത്. 2024 ഒക്ടോബറിൽ തന്നെ തുകയായ 4,173 രൂപ അടച്ച് ബുക്കിംഗ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, 2025 ഫെബ്രുവരി മൂന്നിന് ദീർഘദൂര യാത്രയ്‌ക്കൊടുവിൽ അസമയത്ത് ഹോട്ടലിൽ എത്തിയ പരാതിക്കാർക്ക് മുറി നൽകാൻ അധികൃതർ തയ്യാറായില്ല. ഐ.ആർ.സി.ടി.സി.യുമായോ മേക്ക് മൈ ട്രിപ്പുമായോ തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന നിലപാടാണ് ഹോട്ടൽ സ്വീകരിച്ചത്. കുംഭമേളയുടെ തിരക്കും അപരിചിതമായ സ്ഥലവുമായതിനാൽ മറ്റ് താമസസൗകര്യങ്ങൾ കണ്ടെത്താനാകാതെ വലഞ്ഞ പരാതിക്കാർക്ക് ഒടുവിൽ പ്രതിദിനം 4,000 രൂപ നിരക്കിൽ അധികത്തുക നൽകി ഇതേ ഹോട്ടലിൽ തന്നെ താമസിക്കേണ്ടി വന്നു. തുടർന്ന് അധികമായി നൽകേണ്ടി വന്ന തുകയും നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടും ഏജൻസികൾ തയ്യാറാകാത്തതിനെ തുടർന്നാണ് ഇവർ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.

തങ്ങൾ കേവലം ഇടനിലക്കാർ മാത്രമാണെന്നും വീഴ്ച വരുത്തിയത് ഹോട്ടലാണെന്നുമുള്ള എതിർകക്ഷികളുടെ വാദം കമ്മിഷൻ തള്ളി. കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനമെന്ന വിശ്വാസ്യതയിലാണ് പരാതിക്കാർ ഐ.ആർ.സി.ടി.സി.യെ സമീപിച്ചതെന്നും അതിനാൽ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും കമ്മിഷൻ നിരീക്ഷിച്ചു. നിശ്ചിത സമയത്തിനകം തുക നൽകിയില്ലെങ്കിൽ ഒമ്പത് ശതമാനം വാർഷിക പലിശയും നൽകേണ്ടിവരും. കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി.മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മിഷന്റേതാണ് വിധി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL