SignIn
Kerala Kaumudi Online
Tuesday, 02 June 2026 4.40 AM IST

കയറി വാ മക്കളേ... മലപ്പുറത്ത് ഒന്നാം ക്ലാസിൽ അരലക്ഷം വിദ്യാർത്ഥികൾ

anilkumar
ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം തിരുവാലി ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ റവന്യൂ മന്ത്രി എ.പി.അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: മദ്ധ്യവേനലവധി കഴിഞ്ഞ് വിദ്യാലയങ്ങൾ തുറന്നതോടെ കൗതുകവും അമ്പരപ്പുമായി അരലക്ഷത്തോളം കുരുന്നുകളാണ് ജില്ലയിൽ ഒന്നാം ക്ലാസിലേക്ക് എത്തിയത്. പുത്തനുടുപ്പും കുടയും ബാഗുമായാണ് രംഗപ്രവേശം. തോരണങ്ങളും ബലൂണുകളും വർണക്കടലാസുകളും കൊണ്ട് അണിഞ്ഞൊരുങ്ങിയ വിദ്യാലയങ്ങൾ മധുരം നൽകി വിദ്യാർത്ഥികളെ സ്വാഗതം ചെയ്തു. കുട്ടികളുടെ കലാപരിപാടികൾ പുതിയ അദ്ധ്യയന വർഷത്തിന് ഉണർവേകി. പുതുതായി അക്ഷര മുറ്റത്തേക്കെത്തിയ കുരുന്നുകൾക്കായി അദ്ധ്യാപകർ സമ്മാനങ്ങളും ഒരുക്കിയിരുന്നു. ഉത്സവാന്തരീക്ഷത്തിൽ നടന്ന പ്രവേശനോത്സവം നവാഗതരിലെ അമ്പരപ്പും പേടിയും ആഹ്ലാദത്തിലെത്തിച്ചു. എങ്കിലും പലരും അമ്മയുടെ കൈ പിടിച്ച് അലറിക്കരഞ്ഞു. ജില്ലയിലെ 1,569 സ്കൂളുകളിലായി ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ എട്ട് ലക്ഷത്തോളം പേരാണ് പുതിയ അദ്ധ്യയന വർഷത്തിന് തുടക്കമിട്ടത്. ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയതും മലപ്പുറം ജില്ലയിലാണ്.

ചില സ്കൂളുകളിൽ മിക്കി മൗസ്, ഡോറ കഥാപാത്രങ്ങളാണ് കുരുന്നുകളെ വരവേറ്റത്. ചടങ്ങിൽ അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാർത്തികളും സൈബർ സുരക്ഷാ പ്രതിജ്ഞയെടുത്തു


ആവേശമായി ജില്ലാതല പ്രവേശനോത്സവം

സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം വണ്ടൂർ തിരുവാലി ജി.എച്ച്.എസ്.എസിൽ റവന്യൂ മന്ത്രി എ.പി.അനിൽകുമാർ നിർവ്വഹിച്ചു. പരീക്ഷയിൽ ലഭിക്കുന്ന എ പ്ലസുകളുടെ എണ്ണത്തെക്കാളുപരി നിലവാരമുള്ള വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് ലഭിക്കണമെന്നും ഇതിനായി വിദ്യാഭ്യാസ രംഗത്ത് സർക്കാർ മാറ്റങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. 10-ാം ക്ലാസ് വിജയിച്ച വിദ്യാർത്ഥി അറിവിലും എഴുത്തിലും വായനയിലും മികവുള്ളവരാകണം. കുടുംബത്തിന്റെയും നാടിന്റെയും വളർച്ചയെന്നത് അറിവ് നേടിയ വിദ്യാർഥികളാണ്' മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ.അസ്‌ലു അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ഡി.ഡി.ഇ. പി.വി.റഫീഖ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി.അജ്മൽ, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത, തിരുവാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ താരിയൻ, ജില്ലാ പഞ്ചായത്തംഗം പി.എച്ച്.ഷമീം വിശിഷ്ടാതിഥികളായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL