തിരൂർ: തിരൂർ മിനി സിവിൽ സ്റ്റേഷനിലെ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം വിവിധ ആവശ്യങ്ങൾക്കെത്തുന്ന പൊതുജനങ്ങളേയും ജീവനക്കാരേയും ഒരുപോലെ വലയ്ക്കുന്നു. അഞ്ചു നിലകളിലായി 16 സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷനിൽ വാഹന പാർക്കിംഗിനും ശൗചാലയ സൗകര്യത്തിനും വേണ്ടത്ര സംവിധാനമില്ലാത്തത് വലിയ പരാതിക്കിടയാക്കുന്നുണ്ട്. താലൂക്ക് ഓഫീസ്, ആർ.ടി.എ ഓഫീസ്, വിദ്യാഭ്യാസ ഓഫീസ് എന്നിവിടങ്ങളിലേക്ക് വിവിധ ആവശ്യങ്ങൾക്കായി ദിവസേന നൂറ് കണക്കിന് പേരെത്തുന്നുണ്ട്. മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൻ്റെ സമീപത്തായി വില്ലേജ് ഓഫീസ്, കാന്റീൻ എന്നിവയും പ്രവർത്തിക്കുന്നുണ്ട്. മിനി സിവിൽ സ്റ്റേഷൻന് പിന്നിൽ വിശാലമായ സ്ഥലമുണ്ടെങ്കിലും കാടുപിടിച്ച് ഉപയോഗശൂന്യമായി കിടക്കുകയാണ്. റവന്യൂ വകുപ്പ് പിടിച്ചെടുത്ത മണൽക്കടത്ത് വാഹനങ്ങളും മണ്ണുമാന്തി യന്ത്രങ്ങളും വർഷങ്ങളായി ലേലം ചെയ്യാതെ ഇവിടെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങൾ സ്ഥലത്തിന്റെ വലിയൊരു ഭാഗം കൈയേറിയിട്ടുണ്ട്. റവന്യൂ വകുപ്പിന്റെ പഴയ ജീപ്പും ഇതേ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഇവിടെ മുൻപ് ഉപയോഗത്തിലുണ്ടായിരുന്ന ശൗചാലയങ്ങൾ വാതിലുകൾ തകർന്നും മാലിന്യം നിറഞ്ഞും ഉപയോഗശൂന്യമായിട്ടുണ്ട്. ഇതുമൂലം സ്ത്രീകൾ ഉൾപ്പെടെയുള്ള സന്ദർശകർ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നു.
വേണം പരിഹാരം
സിവിൽ സ്റ്റേഷന് മുന്നിൽ വാഹന പാർക്കിംഗ് നിരോധിച്ചുള്ള ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മറ്റ് സൗകര്യങ്ങളില്ലാത്തതിനാൽ പലരും കെട്ടിടത്തിന്റെ മുൻവശത്ത് തന്നെ വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്.
പിൻവശത്തുള്ള കാട് വെട്ടി വൃത്തിയാക്കുകയും പഴയ തൊണ്ടി വാഹനങ്ങൾ നീക്കുകയും ചെയ്താൽ വിശാലമായ പാർക്കിംഗ് സൗകര്യം ഒരുക്കാനാകുമെന്ന് നാട്ടുകാരും ജീവനക്കാരും പറയുന്നു.
കാടുപിടിച്ച പ്രദേശം ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറാനുള്ള സാദ്ധ്യതയുമുണ്ട്.
പ്രശ്നപരിഹാരത്തിന് അധികൃതർ എത്രയും വേഗം നടപടിയെടുക്കണമെന്നാണ് ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |