പാലക്കാട്: കാലവർഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുമ്പോഴും പ്രതീക്ഷിച്ച വേനൽമഴ ലഭിക്കാതെ മേയ് മാസം അവസാനിക്കുന്നു. മാർച്ച് ഒന്നുമുതൽ ഇതുവരെയുള്ള കണക്കുപ്രകാരം വേനൽ മഴയിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലാണ്. 39% ആണ് പാലക്കാട്ടെ മഴക്കുറവ്. സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ മഴക്കുറവുണ്ട്. മഴക്കുറവിൽ രണ്ടാമതുള്ളത് ഇടുക്കിയാണ്, ഇവിടെ 37 %ആണ് കുറവ്. 30 ശതമാനം മഴക്കുറവുമായി മലപ്പുറമാണ് മൂന്നാമത്. പാലക്കാട് മാർച്ച് ഒന്നുമുതൽ ഇന്നലെവരെ ആകെ ലഭിക്കേണ്ട ശരാശരി മഴ 212.61 മില്ലിമീറ്റർ. പെയ്തതാകട്ടെ 128.1 എം.എം മഴയാണ്. ഇടുക്കിയിൽ ഈ കാലയളവിൽ പെയ്തത് 239.7 എം.എം മഴയാണ്. ലഭിക്കേണ്ട ശരാശരി മഴ 380.7 എം.എം ആണ്. സാധാരണയായി മാർച്ച് പകുതി മുതലാണ് വേനൽമഴ ലഭിക്കുന്നത്. ഇത്തവണ മാർച്ചിൽ 32 ശതമാനം കുറവുണ്ട്. 18.1 മില്ലിമീറ്റർ ലഭിക്കേണ്ടയിടത്ത് 12.3 മില്ലിമീറ്ററേ പെയ്തുള്ളൂ. 2025 മാർച്ചിൽ ഇതേ സ്ഥാനത്ത് 40 മില്ലിമീറ്റർ മഴയുണ്ടായിരുന്നു. ഏപ്രിലിലേക്ക് കടന്നപ്പോൾ കൊടുംവെയിലിൽ ജില്ല ഉരുകിയൊലിച്ചു. മിക്ക ദിവസങ്ങളിലും 39 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് ഉയർന്നു. വേനൽമഴ ചൂട് കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും പിന്നെയും കാത്തിരിക്കേണ്ടിവന്നു. ഈ ദിവസങ്ങളിൽ ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ ജലസ്രോതസുകളിൽ വെള്ളം താഴ്ന്നു. ഡാമുകളിൽ അടിത്തട്ട് കണ്ടു. മേയ് മാസത്തിൽ വേനൽമഴ ലഭിച്ചുതുടങ്ങിയതോടെ ചൂട് കുറഞ്ഞെങ്കിലും ജലലഭ്യത വർദ്ധിപ്പിക്കാനായില്ല. മേയ് പകുതിയിൽ ഏറ്റവും മഴക്കുറവ് രേഖപ്പെടുത്തുന്ന 'ലാർജ് ഡെഫിഷ്യന്റ് " വിഭാഗത്തിൽ നിന്ന് 'ഡെഫിഷ്യന്റ് " വിഭാഗത്തിലെത്തി. ഈ സമയം 42 ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയത്. പിന്നീട് മറ്റ് ജില്ലകളിൽ ആവശ്യാനുസരണം മഴ ലഭിച്ചപ്പോഴും പാലക്കാട് കാര്യമായ അനക്കമുണ്ടായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |