SignIn
Kerala Kaumudi Online
Wednesday, 17 June 2026 7.01 AM IST

നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

nelliyampathy
കോടമഞ്ഞ് നിറഞ്ഞ് നിൽക്കുന്ന സീതാർകുണ്ട് ഗവ.എൽ.പി സ്‌കൂൾ.

നെല്ലിയാമ്പതി: മഴ തുടങ്ങിയതോടെ ഇലപൊഴിയും കാടുകൾ തളിരിടുകയും, ചെറുകാട്ടുചോലകൾ സജീവമാകുകയും ചെയ്തതോടെ നെല്ലിയാമ്പതിയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്. മഴപെയ്തു തുടങ്ങിയതോടെ നെല്ലിയാമ്പതി മലനിരകളിലും പ്രധാന കവലകളിലും പകൽ പോലും കനത്ത കോടമഞ്ഞ് പെയ്ത് തുടങ്ങി. കോടമഞ്ഞ് ആസ്വദിക്കാനെത്തുന്നവരുടെ തിരക്കും കൂടിത്തുടങ്ങി. ശനി, ഞായർ ദിവസങ്ങളിലാണ് കൂടുതൽ പേരും നെല്ലിയാമ്പതിയിലേക്ക് എത്തുന്നത്. കോടമഞ്ഞിൽ കുളിരണിഞ്ഞു നിൽക്കുന്ന നെല്ലിയാമ്പതിയിൽ വീഡിയോ പകർത്താനും റീൽസ് എടുക്കാനും ചുരം പാത മുതൽ വ്യൂപോയിന്റുകൾ വരെ വ്‌ളോഗർമാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മഞ്ഞ് മൂടിയ അന്തരീക്ഷത്തിൽ തണുപ്പും കാറ്റും ആസ്വദിക്കാനുമായി ചുരം പാതയിലെ പോത്തുണ്ടി അണക്കെട്ട്, കുണ്ടറച്ചോല, ചെറുനെല്ലി, 14ാം വ്യൂപോയിന്റ്, അയപ്പൻതിട്ട് എന്നിവിടങ്ങളിൽ സഞ്ചാരികൾ നിൽക്കാനും തുടങ്ങി. സീതാർകുണ്ട് വ്യൂപോയിന്റ്, കേശവൻപാറ, കാരപ്പാറ ഭാഗങ്ങളിലും തേയിലതോട്ടങ്ങളിലും ഗവ.ഓറഞ്ച് ഫാമിലും ട്രക്കിംഗ് കേന്ദ്രങ്ങളിലും സഞ്ചാരികൾ നിറയുകയാണ്.

 ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ്
സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചതോടെ സഞ്ചാരികൾക്ക് മുന്നറിയിപ്പുമായി വനം വകുപ്പ്. ചുരം പാതയിൽ കനത്ത മഞ്ഞ് കാരണം കാഴ്ചപരിധി കുറവായതിനാൽ വേഗത കുറച്ച് യാത്രചെയ്യണം. ചുരം പാതയിലെ വെള്ളച്ചാട്ടങ്ങളിൽ ഇറങ്ങുന്നതും വനമേഖലയിലേക്ക് അതിക്രമിച്ചു കടക്കുന്നതും ശിക്ഷാർഹമാണെന്നും പാതയിൽ ഇറങ്ങുന്ന വന്യമൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ പാടില്ലെന്നും സെൽഫിയെടുക്കാൻ ശ്രമിക്കരുതെന്നും മുന്നറിയിപ്പ് ബോർഡുകൾ പാലിക്കണമെന്നും അധികൃതർ പറഞ്ഞു. ഒരാഴ്ച മുമ്പ് നെല്ലിയാമ്പതി കാണാനെത്തിയ കൊല്ലങ്കോട് സ്വദേശി പാറക്കെട്ടിൽ നിന്ന് കാൽവഴുതി വീണ് മരിച്ചിരുന്നു. മറ്റൊരു സംഭവത്തിൽ നെല്ലിയാമ്പതി ചുരം പാതയിൽ നിറുത്തിയിട്ട കാർ കൊക്കയിലേക്ക് മറിയുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, TOURISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL