കഞ്ചിക്കോട്: വാളയാർ-പാലക്കാട് ദേശീയ പാതയിൽ അടിപ്പാതകൾ നിർമ്മിക്കുന്നതിന്റെ ഭാഗമായി റോഡ് മുറിച്ച് കടക്കുന്ന ഭാഗങ്ങൾ അടച്ചതോടെ ദുരിതത്തിലായി ജനങ്ങൾ. ആലാമരം ജംഗ്ഷൻ, പഞ്ചായത്ത് ഓഫീസിന് മുൻവശം, എന്നിവിടങ്ങളിലാണ് ദേശീയപാത മുറിച്ച് കടക്കുന്ന ഭാഗങ്ങൾ അടച്ചത്. ഇതോടെ ജനങ്ങൾക്ക് ചുള്ളിമട മുതൽ കഞ്ചിക്കോട് റെയിൽവേ ജംഗ്ഷൻ വരെ അഞ്ച് കിലോമീറ്റർ ദൂരം റോഡ് മുറിച്ച് കടക്കാൻ പറ്റാതായി. കഞ്ചിക്കോട് രണ്ടായി വിഭജിക്കപ്പെട്ട നിലയായി. പഞ്ചായത്ത് ഓഫീസിന് എതിർ വശത്തുള്ളവർക്ക് പഞ്ചായത്ത് ഓഫീസിലേക്ക് പോകണമെങ്കിൽ മൂന്ന് കിലോമീറ്റർ ചുറ്റി കഞ്ചിക്കോട് റെയിൽവേ ജംഗ്ഷൻ വഴി റോഡ് മുറിച്ച് കടന്ന് വരണം. അസീസി സ്‌കൂളിലേക്ക് പോകണമെങ്കിലും നാല് കിലോമീറ്റർ ചുറ്റണം. ചുള്ളിമട ഭാഗത്തുള്ളവർക്ക് വൈസ് പാർക്ക് റോഡിലേക്ക് പോകണമെങ്കിലും രണ്ട് കിലോമീറ്റർ ചുറ്റണം. കൃത്യമായ ആസൂത്രണമില്ലാതെ തിരക്കുള്ള ജംഗ്ഷനുകൾ അടച്ചതാണ് റോഡ് മുറിച്ച് കടക്കാൻ പറ്റാത്ത സ്ഥിതി ഉണ്ടാക്കിയത്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി വാളയാറിൽ നിന്ന് പോകുന്ന റോഡിൽ സർവീസ് റോഡിലേക്ക് ഹൈവേയിൽ നിന്ന് താൽകാലിക വഴി ഉണ്ടാക്കിയിട്ടുണ്ട്. അതേപോലെ വാളയാറിലേക്ക് പോകുന്ന റോഡിലും ഹൈവേയിൽ നിന്ന് സർവീസ് റോഡിലേക്ക് താൽക്കാലിക വഴി ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ ഹൈവേ മുറിച്ച് കടന്ന് എതിർഭാഗത്തേക്ക് പോകാൻ വഴിയൊരുക്കിയിട്ടില്ല. ഇതാണ് യാത്രക്കാരെയും ഹൈവേയുടെ ഇരുവശത്തുമുള്ള താമസക്കാരെയും വിഷമത്തിലാക്കിയിരിക്കുന്നത്. അടിപ്പാത നിർമ്മാണത്തിന് മാസങ്ങൾ സമയമെടുക്കുമെന്നതിനാൽ ഒരുപാട് കാലം ഈ ദുരിതം സഹിക്കേണ്ടിവരും. അടിപ്പാത നിർമ്മാണം പൂർത്തിയാകാൻ കാത്തിരിക്കാതെ ദേശീയപാത മുറിച്ച് കടക്കാൻ ഉടനടി താൽക്കാലിക സംവിധാനം ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |