പാലക്കാട്: തോൽപ്പാവക്കൂത്തിന്റെ നിഴലുകളിൽ ഒരു പുതിയ കഥകൂടി...കാലങ്ങളായി രാമായണകഥകൾ പറഞ്ഞിരുന്ന ഈ പൈതൃക കലാരൂപം ഇന്ന് ഫുട്ബാളിന്റെ ആവേശവും ആരാധകരുടെ സ്‌നേഹവും നിഴൽനാടകത്തിന്റെ തിളങ്ങുന്ന വെളുത്ത തിരശ്ശീലയ്ക്ക് പിന്നിൽ അവതരിപ്പിച്ച് കൈയ്യടി നേടുകയാണ്.ലോകകപ്പ് ആവേശം വലിയ കട്ടൗട്ടുകൾക്കും റാലികൾക്കുമപ്പുറം സർഗ്ഗാത്മകത കൊണ്ടും സാംസ്‌കാരികത്തനിമ കൊണ്ടും അടയാളപ്പെടുത്തുകയാണ് കൂനത്തറ സ്വദേശിയായ തോൽപ്പാവക്കൂത്ത് കലാകാരൻ രാജീവ് പുലവരും സംഘവും.
മെസിയും ക്രിസ്ത്യാനോയും നെയ്മറും ഉൾപ്പെടെ 12 താരങ്ങളാണ് ഒറ്റപ്പാലത്തെ പരമ്പരാഗത കേരളീയ നിഴൽനാടക കൂത്തുമാടങ്ങളിലേക്ക് ചുവടുവെച്ചിരിക്കുന്നത്. ഇതിനോടകം പുറത്തുവന്ന 46 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ഫീച്ചർ വിഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. സാധാരണയായി പുരാണങ്ങളിലെ ഇതിഹാസ നായകന്മാർക്കും ദേവീദേവന്മാർക്കും മാത്രം മാറ്റിവെച്ചിരിക്കുന്ന വിശുദ്ധമായ കൂത്തുപന്തലിലാണ് ഇപ്പോൾ മെസിയും കൂട്ടരും നിഴലുകളായി കളം നിറയുന്നത്. കട്ടിത്തുണിയും കാർഡ്‌ബോർഡുകളും പ്രകാശവും നിഴലും സമന്വയിപ്പിച്ച്, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ജനപ്രിയ താരങ്ങൾ അരങ്ങിലെത്തുന്നത്. രാജീവ് പുലവർക്കൊപ്പം കലാകാരൻമാരായ വിജയ്, ആദിത്യ, മനോജ്, ലാലു, അരുൺ, അശ്വതി എന്നിവരാണ് അണിയറയിൽ പ്രവർത്തിച്ചത്.
ഈ അത്ഭുതക്കാഴ്ചയുടെ അണിയറപ്രവർത്തനങ്ങൾ ഒട്ടും ലളിതമായിരുന്നില്ല. രാമായണത്തിലെയും മഹാഭാരതത്തിലെയും കഥാപാത്രങ്ങളെ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അതേ പരമ്പരാഗത സാങ്കേതിക വിദ്യകളും ചർമ്മ സാമഗ്രികളും ഉപയോഗിച്ച് തന്നെയാണ് ഫുട്‌ബാൾ താരങ്ങളുടെ പാവകളും നിർമ്മിച്ചെടുത്തത്. ഇതിനായി രാജീവും സംഘവും ഏഴ് ദിവസത്തിലധികം കഠിനമായി പ്രയത്നിച്ചു. വെളിച്ചത്തിന് മുന്നിൽ നിഴലുകളായി എത്തുമ്പോൾ ഓരോ കായികതാരത്തെയും കണ്ടാലുടൻ പ്രേക്ഷകർക്ക് തിരിച്ചറിയാൻ സാധിക്കുന്ന രീതിയിൽ അവരുടെ രൂപഭാവങ്ങളും ശരീരചലനങ്ങളും അതീവ സൂക്ഷ്മതയോടെയാണ് പാവകളിൽ രൂപകൽപ്പന ചെയ്‌തെടുത്തത്.
വലിയൊരു കൂട്ടായ്മയുടെ കഠിനാധ്വാനം ഇതിനു പിന്നിലുണ്ട്. പാവകളുടെ രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനുമായി 15ഓളം കലാകാരന്മാർ അണിയറയിൽ പ്രവർത്തിച്ചപ്പോൾ, തിരശ്ശീലയ്ക്ക് പിന്നിൽ പാവകളെ ചലിപ്പിക്കുന്നതിനും വിഡിയോയുടെ നിർമ്മാണത്തിനുമായി മറ്റ് 15 പേർ കൂടി അണിനിരന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |