പ്രാഥമിക സൗകര്യങ്ങൾക്ക് നെട്ടോട്ടമോടി യാത്രക്കാർ
മണ്ണാർക്കാട്: മണ്ണാർക്കാട് നഗരസഭാ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷന്റെ നവീകരണ പ്രവൃത്തികൾ പൂർത്തിയാകാത്തതിനാൽ യാത്രക്കാർ ബുദ്ധിമുട്ടുന്നു. വിദ്യാലയങ്ങളും തുറന്നതോടെ വിദ്യാർത്ഥികൾ ഉൾപ്പെടെ യാത്രക്കാരുടെ കനത്ത തിരക്കാണ് ബസ് സ്റ്റാൻഡിലുള്ളത്. കംഫർട്ട് സ്റ്റേഷനിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മാലിന്യം പുറത്തേക്കൊഴുകി തുടങ്ങിയതോടെയാണ് നിരന്തര പരാതികൾക്കൊടുവിൽ നവീകരണ പ്രവൃത്തികൾ തുടങ്ങിയത്. ഇതിന്റെ ഭാഗമായി മാസങ്ങൾക്ക് മുൻപുതന്നെ ശൗചാലയം അടച്ചിടുകയായിരുന്നു. മാലിന്യടാങ്കിലെ വെള്ളം വേർതിരിച്ച് ശുദ്ധീകരിച്ച ശേഷം വീണ്ടും ഉപയോഗപ്രദമാക്കുന്ന നൂതന സാങ്കേതിക സംവിധാനമായ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമ്മിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ പ്രവൃത്തികൾ പുരോഗമിച്ചുവരുന്നതായി നഗരസഭാ ക്ലീൻസിറ്റി മാനേജർ മുഹമ്മദ് ഇക്ബാൽ പറഞ്ഞു.
25 ലക്ഷംരൂപ ചിലവിലാണ് പ്ലാന്റ് നിർമിക്കുന്നത്. കംഫർട്ട് സ്റ്റേഷൻ അടച്ചിട്ടതോടെ പുതിയ ബസ് കാത്തിരിപ്പുകേന്ദ്രത്തിനുസമീപത്തെ പാർക്കിംഗ് ഗ്രൗണ്ടിൽ താത്കാലിക ശൗചാലയം ഒരുക്കിയിരിക്കുകയാണ് അധികൃതർ. യാത്രക്കാർ, ബസ് ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കായി രണ്ട് ഇ ടോയ്ലറ്റുകളാണ് ' ആശങ്ക ' പരിഹരിക്കാനായിട്ടുള്ളത്. ശൗചാലയത്തിന് പുറത്ത് നിൽക്കുന്നവർക്ക് മഴപെയ്താൽ കേറിനിൽക്കാനുള്ള സംവിധാനവുമില്ല. സമീപത്തെ വ്യാപാര സ്ഥാപനങ്ങളേയും മറ്റുമാണ് പലരും ആശ്രയിക്കുന്നത്. കംഫർട്ട് സ്റ്റേഷന്റെ നവീകരണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. നഗരസഭാ ബസ് സ്റ്റാൻഡിനു പുറമെ കോടതിപ്പടി പൊതുമരാമത്ത് വകുപ്പ് ഓഫീസിനു സമീപത്തുമാണ് കംഫർട്ട് സ്റ്റേഷനുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |