നെല്ലിയാമ്പതി : കനത്ത മഴയെ തുടർന്ന് നെല്ലിയാമ്പതി നെന്മാറ റോഡിൽ മരം വീണു മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. നെല്ലിയാമ്പതി നെന്മാറ പാതയിൽ കുണ്ടറചോലയ്ക്ക് സമീപമാണ് ഇന്നലെ രാവിലെ 6 മണിയോടെ മരം വീണത്. ഇതേ തുടർന്ന് നെല്ലിയാമ്പതിയിൽ നിന്നും നെന്മാറയിലേക്ക് പോവുകയായിരുന്ന ബസ്സും യാത്രക്കാരും മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി. നെല്ലിയാമ്പതിയിൽ നിന്നും ഫയർ ആൻഡ് സേഫ്റ്റി ടീമും വനപാലകരും യാത്രക്കാരും ചേർന്ന് ഒരുമണിക്കൂർ പരിശ്രമത്തിനിനൊടുവിൽ മരം മുറിച്ച് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നതിന് നിയന്ത്രണം
നെല്ലിയാമ്പതിയിലേക്കുള്ള വിനോദ സഞ്ചാരത്തിനും വൃഷ്ടിപ്രദേശമായ തെന്മല താഴ്വരയിലെ ചെറുതും വലുതുമായ സീതാർകുണ്ട്, പലകപ്പാണ്ടി, വെള്ളരിമേട് വെള്ളച്ചാട്ടത്തിൽ ഇറക്കുന്നതും സാഹസികമായി കുളിക്കാൻ ഇറങ്ങുന്നതിനും പ്രകൃതിദുരന്തനിവാരണ അതോറിറ്റി ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തി. സുരക്ഷാ നിയന്ത്രണങ്ങൾ മറികടന്നാണ് വിനോദ സഞ്ചാരികൾ ഇവിടെ എത്തുന്നതും മദ്യപാനത്തിൽ ഏർപ്പെട്ട് അപകടത്തിനിടയാക്കുന്നത്.
വനം വകുപ്പിലെ വാച്ചർമാർ മറ്റു ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ വെള്ളച്ചാട്ടത്തിനടുത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണവും ശക്തമാക്കിയതായി കൊല്ലങ്കോട് വനം വന്യജീവി വകുപ്പ് റെയിഞ്ച് ഓഫീസർ കെ.സി.സനൂപ് പറഞ്ഞു. ശക്തമായ ഒഴുക്ക് സീതാർ കുണ്ടിൽ അനുഭവപ്പെടുകയാണ്. റീൽസ് ചിത്രീകരണം നടത്താനും ഫോട്ടോ എടുക്കാനും വരുന്നവരെ അപകടം സംഭവിക്കാതിരിക്കാൻ വേണ്ടി മുന്നറിയിപ്പ് നൽക്കുകയും പഞ്ചായത്തും നാട്ടുകാരും ജാഗ്രത പാലിക്കുമെന്ന് ആർ.ശിവൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |