മീങ്കര പദ്ധതി പൈപ്പ് പൊട്ടിയിട്ട് ആഴ്ചകൾ
മുതലമട: ഗ്രാമപഞ്ചായത്തിലെ അടവുമരം-വെള്ളാരങ്കടവ് റോഡിൽ ചുള്ളിയാർഡാം മെയിൻ ഗേറ്റിന് മുൻ വശത്ത് മീങ്കര കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടി ആഴ്ചകൾ പിന്നിട്ടിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ നാട്ടുകാർക്ക് രോഷം. പൈപ്പ് പൊട്ടി ദിവസവും ലക്ഷക്കണക്കിന് ലിറ്റർ ശുദ്ധജലം റോഡിലൂടെ പാഴായി ഒഴുകുകയാണ്. കുടിവെള്ള ക്ഷാമം രൂക്ഷമായ പഞ്ചായത്തിലാണ് ഇത്തരത്തിൽ വെള്ളം പാഴാകുന്നത്. മൂന്നാഴ്ച മുമ്പാണ് മീങ്കര കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ്‌ലൈൻ പൊട്ടിയത്. പഞ്ചായത്ത്, കേരള വാട്ടർ അതോറിറ്റി, ജൽ ജീവൻ മിഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ നാട്ടുകാർ നേരിട്ടും ഫോണിലൂടെയും പരാതി നൽകിയെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. പാഴായി ഒഴുകുന്ന വെള്ളം മുഴുവൻ അടവുമരം-വെള്ളാരങ്കടവ് റോഡിൽ നിറഞ്ഞൊഴുകുകയാണ്. ഇതേ തുടർന്ന് റോഡ് പൂർണമായും തകർന്നു. ചെളിയും വെള്ളക്കെട്ടും കാരണം ഇരുചക്ര വാഹനങ്ങൾ തെന്നിമറിയുന്നുണ്ട്. പരന്നൊഴുകുന്ന വെള്ളം 500 മീറ്റലധികം റോഡിൽ കെട്ടികിടക്കുന്നുണ്ട്. 5 സ്‌കൂൾ ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് വിദ്യാർത്ഥികളും ദിവസവും ഈ റോഡ് വഴിയാണ് യാത്ര ചെയ്യുന്നത്. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സംയുക്തപദ്ധതിയായ ജൽ ജീവൻ മിഷൻ മുതലമട പഞ്ചായത്തിൽ ഇതുവരെ പൂർണമായി നടപ്പായിട്ടില്ല. നിലവിലുള്ള മീങ്കര കുടിവെള്ള പദ്ധതി പോലും ശരിയായ രീതിയിൽ പരിപാലിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |