
കോന്നി : കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള ഡാമുകൾ കേന്ദ്രീകരിച്ചുള്ള ഹൈഡൽ ടൂറിസം പദ്ധതി ജില്ലയിലെ മലയോര മേഖലയിലേക്കും. കോന്നി മണ്ഡലത്തിലെ വൈദ്യുതി ബോർഡുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളെ കുറിച്ച് ആലോചിക്കുന്നതിനായി അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ, കെ.എസ്.ഇ.ബി ചെയർമാൻ രാജമാണിക്യം എന്നിവരുടെ നേതൃത്വത്തിൽ സീതത്തോട്ടിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടു. വിവിധ കെ.എസ്.ഇ.ബി ഡാമുകളിൽ ഹൈഡൽ ടൂറിസവും സീതത്തോട്ടിൽ ബൊട്ടാണിക്കൽ ഗാർഡനുമാണ് ആദ്യഘട്ടത്തിൽ.
സീതത്തോട്ടിലെ ബോർഡിന്റെ ഭൂമിയിൽ പ്രദേശവാസികൾക്ക് ഗുണകരമാകുന്ന രീതിയിൽ സ്പോർട്സ് ഹബ്ബ് നിർമ്മിക്കും. കെ.എസ്.ഇ.ബിയുടെ ഒഴിഞ്ഞുകിടക്കുന്ന വിവിധ ക്വാർട്ടേഴ്സുകൾ ടൂറിസ്റ്റുകൾക്കായി നവീകരിക്കും. സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ സുരേഷ്, വൈസ് പ്രസിഡന്റ് ജോബി ടി .ഈശോ, സിവിൽ ഡയറക്ടർ ജനറൽ സിവിൽ രാജൻ, ഡെപ്യൂട്ടി ചീഫ് എൻജിനിയർ ബി.ജയലക്ഷ്മി , എക്സിക്യൂട്ടീവ് എൻജിനിയർമാരായ ജയകുമാർ, സൂര്യകല, ദീപ്തി, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ നജീബ്, പൊതുമരാമത്ത് ഉദ്യോഗസ്ഥർ , വിവിധ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഹൈഡൽ ടൂറിസം ?
വൈദ്യുതി ബോർഡിന്റെ കീഴിലുള്ള അണക്കെട്ടുകളും ജലവൈദ്യുത പദ്ധതികളും കേന്ദ്രീകരിച്ച് വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പദ്ധതിയാണ് ഹൈഡൽ ടൂറിസം. കോന്നിയുടെ പ്രകൃതി ഭംഗിക്കൊപ്പം ബോട്ടിംഗ്, പാർക്കുകൾ, സാഹസിക വിനോദങ്ങൾ തുടങ്ങിയവ ആസ്വദിക്കാൻ ഹൈഡൽ ടൂറിസം അവസരം ലഭിക്കും. മാട്ടുപ്പെട്ടി, കൺഗ്രാജുലേഷൻ പോയിന്റ് (ഇടുക്കി), ബാണാസുര സാഗർ (വയനാട്) എന്നിവ കേരളത്തിലെ പ്രധാന ഹൈഡൽ ടൂറിസം കേന്ദ്രങ്ങളാണ്.
മറ്റു തീരുമാനങ്ങൾ
1. കെ.എസ്.ഇ.ബിയുടെ വിവിധ റോഡുകൾ സഞ്ചാരയോഗ്യമാക്കും.
2. ഗവി വനാന്തരങ്ങളിൽ അലഞ്ഞു നടക്കുന്ന ആളുകൾക്ക് താമസിക്കുന്നതിന്
മൂഴിയാറിൽ നിർമ്മിക്കുന്ന ഫ്ലാറ്റുകൾക്ക് ഭൂമി വിട്ടുകൊടുക്കും.
3. പൊതുമരാമത്ത് റോഡുകളുടെ നിർമാണത്തിനായി കെ.എസ്.ഇ.ബിയുടെ
പോസ്റ്റുകൾ മാറ്റി സ്ഥാപിക്കും.
4. ചിറ്റൂർ കടവ് പാലം നിർമ്മാണത്തിന് തടസമായി നിൽക്കുന്ന പോസ്റ്റുകൾ
ഒരാഴ്ചക്കുള്ളിൽ നീക്കും.
5. സീതത്തോട് 220 കെ.വി സബ്സ്റ്റേഷന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട തടസങ്ങൾ നീക്കുന്നതിന് കെ.എസ്.ഇ.ബി - വനം - റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും.
ഹൈഡൽ ടൂറിസത്തിന്റെ ഭാഗമാകുന്നഡാമുകൾ.............
മൂഴിയാർ, കക്കി, ആനത്തോട്
അടവി - ഗവി ടൂറിസം സർക്യൂട്ടിനൊപ്പം ഡാമുകൾ കേന്ദ്രീകരിച്ചുള്ള ഹൈഡൽ ടൂറിസം പദ്ധതികൂടി യാഥാർത്ഥ്യമാകുമ്പോൾ മലയോര വിനോദസഞ്ചാരമേഖലയിലേക്ക് കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാനാകും.
അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |