SignIn
Kerala Kaumudi Online
Monday, 29 June 2026 4.45 AM IST

പ്രിയദർശിനി സൗജന്യയാത്ര രണ്ടാഴ്ച പിന്നിടുമ്പോൾ വരുമാനം കൂപ്പുകുത്തി സ്വകാര്യ ബസുകൾ

bus

പത്തനംതിട്ട : കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ വനിതകൾക്കുള്ള സൗജന്യയാത്ര രണ്ടാഴ്ച പിന്നിട്ടപ്പോൾ സ്വകാര്യബസുകളുടെ വരുമാനം കുത്തനെ ഇടിഞ്ഞു. 1500 മുതൽ 3000 രൂപ വരെയാണ് സ്വകാര്യ ബസുകളുടെ പ്രതിദിനനഷ്ടം. റോഡ് നികുതി ഇനത്തിൽ സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ 50 ശതമാനം കുറച്ചതു മാത്രമാണ് സ്വകാര്യബസുകൾക്കുള്ള ആശ്വാസം. എന്നാൽ വരുമാനത്തിലെ വൻഇടിവ് നികുതിയിലെ ഇളവുകൊണ്ട് പരിഹരിക്കാൻ കഴിയില്ലെന്നാണ് ബസുടമകൾ പറയുന്നത്.

സംസ്ഥാന ബഡ്ജറ്റിൽ സ്വകാര്യ ബസുകളെ സംരക്ഷിക്കാൻ പാക്കേജ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ബസുടമകൾ നിരാശയിലാണ് . പലറൂട്ടുകളിലും വരുമാനം കുത്തനെ ഇടിഞ്ഞതോടെ സർവീസുകൾ നിറുത്തിവയ്ക്കാനുള്ള നീക്കത്തിലാണ് സ്വകാര്യബസുടമകൾ. കെ.എസ്.ആർ.ടി.സി, ഓർഡിനറി ബസുകൾ കൂടുതലായി സർവീസ് നടത്തുന്ന റൂട്ടുകളിലാണ് സ്വകാര്യബസുകൾ നഷ്ടത്തിലായത്. പത്തനംതിട്ട - കോഴഞ്ചേരി - തിരുവല്ല റൂട്ടിലെ സ്വകാര്യബസുകൾ വൻനഷ്ടത്തിലാണ്. കെ.എസ്. ആർ.ടി.സിയുടെ പത്തനംതിട്ട, കോന്നി, റാന്നി, തിരുവല്ല, കോട്ടയം ഡിപ്പോകളിലെ ഓർഡിനറി ബസുകൾ 20 - 30 മിനിട്ട് ഇടവേളകളിൽ ഓടുന്ന റൂട്ടാണിത്.

പത്തനംതിട്ട - കോഴഞ്ചേരി - ചെങ്ങന്നൂർ റൂട്ടിനെ പ്രിയദർശിനി സൗജന്യയാത്ര ബാധിച്ചിട്ടില്ല. പത്തനംതിട്ടയിൽ നിന്ന് കോഴഞ്ചേരി വരെ വരുമാനം കുറഞ്ഞാലും കോഴഞ്ചേരി - ചെങ്ങന്നൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസുകൾ ഇല്ലാത്തത് സ്വകാര്യ ബസുകൾക്ക് നേട്ടമായി. കോഴഞ്ചേരി - റാന്നി, കോഴഞ്ചേരി - പന്തളം റൂട്ടുകളെയും ഇതു ബാധിച്ചിട്ടില്ല.

വരുമാനം ഇടിഞ്ഞു കെ.എസ്.ആർ.ടി.സി

പ്രിയദർശിനി സൗജന്യയാത്ര പദ്ധതി നടപ്പാക്കിയതോടെ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിലെ വരുമാനം നാലിലൊന്നായി കുറഞ്ഞു. പത്തനംതിട്ട - കൊല്ലം ഓർഡിനറി ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകൾക്ക് 15ന് മുമ്പുവരെ ശരാശരി 34000 രൂപ പ്രതിദിന വരുമാനമുണ്ടായിരുന്നത് 8000 രൂപയായി കുറഞ്ഞു. സ്ത്രീയാത്രക്കാരുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ട്.

സ്വകാര്യ ബസുകളുടെ പ്രതിദിന നഷ്ടം 3000രൂപ വരെ.

ടി.കെ റോഡ്, പി.എം റോഡ്, കെ.പി റോഡ്, പത്തനംതിട്ട - അടൂർ - കൊല്ലം

പാത എന്നിവിടങ്ങളിലെ സർവീസ് നഷ്ടത്തിൽ

നികുതിയിലെ ആനുകൂല്യത്തിൽ ബസ് ഉടമയ്ക്ക് കുറഞ്ഞത് പ്രതിദിനം 110 രൂപ മാത്രമാണ് ലഭിക്കുന്നത്. ഇന്ധനവില വർധനയും ഇരുട്ടടിയാണ്.

മനോജ് മാധവശേരിൽ,
പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോ. ജില്ലാ സെക്രട്ടറി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL