
ചെങ്ങന്നൂർ: നവീകരണത്തിനായി ലക്ഷങ്ങൾ ചെലവഴിച്ചിട്ടും മാവേലിക്കര - കോഴഞ്ചേരി റോഡിലെ പേരിശേരി റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ടിന് പരിഹാരമില്ല, ഓടകൾ മാലിന്യങ്ങൾ നിറഞ്ഞ് പൂർണമായും അടഞ്ഞതോടെ, അൽപം മഴ പെയ്താൽ പോലും അടിപ്പാത യാത്രക്കാർക്ക് ദുരിതക്കയമായി മാറുകയാണ്. റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, എം.സി. റോഡ് എന്നിവിടങ്ങളിലേക്ക് എത്തിച്ചേരേണ്ട നൂറുകണക്കിന് യാത്രക്കാരുടെ പ്രധാന ആശ്രയമാണ് ഈ പാത. എന്നാൽ, ഇപ്പോൾ ഇത് അപകടക്കെണിയായി മാറിയിരിക്കുകയാണ്. ഇരുചക്രവാഹന യാത്രികരും കാൽനടയാത്രക്കാരുമാണ് ഇവിടെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. ഓവർബ്രിഡ്ജിൽ നിന്ന് ഒഴുകിയെത്തുന്ന മലിനജലം താഴെ കടന്നുപോകുന്നവരുടെ ദേഹത്തേക്ക് പതിക്കുന്നത് നിത്യസംഭവമാണ്, മഴവെള്ളത്തോടൊപ്പം ഒഴുകിയെത്തുന്ന മണ്ണും മാലിന്യങ്ങളും സമയബന്ധിതമായി നീക്കം ചെയ്ത് ഓടകൾ വൃത്തിയാക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ലെന്ന് നാട്ടുകാർ ആക്ഷേപിക്കുന്നു. ഓടകൾ കാലാകാലങ്ങളിൽ വൃത്തിയാക്കണമെന്ന സാമാന്യബോധം പോലും ബന്ധപ്പെട്ട അധികൃതർക്കില്ലാത്തതാണ് നിലവിലെ ദുരിതത്തിന് കാരണമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
അധികൃതരുടെ അനാസ്ഥ
2022-ൽ ആറു ലക്ഷം രൂപ ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പ് അടിപ്പാതയിൽ നിർമ്മാണ പ്രവൃത്തികൾ നടത്തിയത്. വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ മുൻപ് ഉണ്ടായിരുന്ന ഇന്റർലോക്ക് കട്ടകൾ നീക്കം ചെയ്ത് പാത പൂർണമായും കോൺക്രീറ്റ് ചെയ്യുകയായിരുന്നു. 10 മീറ്റർ നീളമുള്ള അടിപ്പാതയിലെ നിർമ്മാണം മികച്ച രീതിയിൽ പൂർത്തിയാക്കിയെങ്കിലും, തുടർന്ന് ആവശ്യമായ പരിപാലനം നടത്തുന്നതിൽ അധികൃതർ കാണിച്ച അനാസ്ഥയാണ് നവീകരണത്തിനായി ചെലവഴിച്ച തുക പാഴാകാൻ ഇടയാക്കിയത്.
.....................................................................................................
അധികൃതർ അടിയന്തരമായി ഇടപെട്ട് ഓടകൾ വൃത്തിയാക്കണം. ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും വേണം.
ലിബിൻ മഠത്തുംപടി
(സ്ഥിരം യാത്രക്കാരൻ)
.......................................................
അടിപ്പാതയ്ക്ക് 10 അടി നീളം
2022-ൽ 6 ലക്ഷം മുടക്കി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |