SignIn
Kerala Kaumudi Online
Thursday, 02 July 2026 5.17 AM IST

കെണിയായി കുഴികൾ, T.K റോഡ് ; തടി കേടാക്കും

road

പത്തനംതിട്ട: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുടങ്ങിയ ടി.കെ റോഡ് നവീകരണം ഇനിയും പൂർത്തിയായിട്ടില്ല. ആറൻമുള മണ്ഡലത്തിന്റെ ഭാഗമായ വള്ളംകുളം മുതൽ കാരംവേലി വരെയുള്ള ഭാഗത്താണ് നവീകരണം പാരയായി മാറിയിട്ടുള്ളത്. റോഡിന്റെ വശങ്ങളിൽ നടപ്പാതയ്ക്കായി മണ്ണുനീക്കിയത് പലയിടത്തും ചാലുകീറിയ നിലയിലാണ്. കൂടാതെ വലിയ കുഴികളും. കുഴിയിൽ വീണ് അപകടങ്ങൾ പതിവായിരിക്കുന്നു. പൂർത്തീയാക്കാത്ത നിർമ്മാണങ്ങളും അപകടക്കെണിയാണ്. കാരംവേലി മുതൽ വള്ളംകുളം വരെ എണ്ണിയാൽ ഒടുങ്ങാത്ത കുഴികളാണ്. തെക്കേമലയ്ക്ക് സമീപം പണിത കലുങ്കും മറ്റൊരു കെണിയാണ്. ഇവിടെ കലുങ്കിനും റോഡിനും ഇടയിലുള്ള ഗ്യാപ്പാണ് പ്രശ്നം.

കല്ലുമല :

തിരുവല്ലയിൽ നിന്ന് പത്തനംതിട്ടയ്ക്ക് സഞ്ചരിക്കുമ്പോൾ കുമ്പനാട് കല്ലുമലയിലാണ് റോഡിന്റെ തകർച്ച ആദ്യമായി കാണുന്നത്. ഇവിടെ പെട്രോൾ പമ്പിന് സമീപം വേഗത്തിൽ വരുന്ന വാഹനങ്ങൾ കുഴിയിൽ വീണ് അപകടം പതിവാണ്.

മുട്ടുമൺ : കല്ലുമലയിൽ നിന്ന് രണ്ടുകിലോമീറ്റർ സഞ്ചരിച്ചാൽ മുട്ടുമൺ കാർഡ് ഗ്രാമോത്പന്നം ഫാർമേഴ്സ് ഫെസിലിറ്റേഷൻ സെന്ററിന് സമീപമെത്താം. ഇവിടെയും ഇവിടെയും റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടിട്ട് മാസങ്ങളായി.

പുല്ലാട് : മുട്ടുമണ്ണിൽ നിന്ന് രണ്ടു കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ പുല്ലാട് ജംഗ്ഷനിലാണ് എത്തുക. ഇവിടെ ചെറുതും വലുതുമായ നിരവധി കുഴികളാണ് ഉള്ളത്. പല കുഴികളും കോൺക്രീറ്റ് ഇട്ട് അടച്ചിട്ടുണ്ടെങ്കിലും ഇതും പൊളിഞ്ഞ് ഗർത്തങ്ങളായി.

ചാലിയക്കര : ചാലിയക്കരയിൽ റോഡ് തോടുപോലെയാണ്. റോഡിന്റെ ഒരുവശത്ത് ഒഴുകിപോകാൻ കഴിയാത്ത വിധം വെള്ളം കെട്ടി നിൽക്കുകയാണ്. ഓടകൾ ഇല്ലാത്തതാണ് ഇവിടുത്തെ പ്രശ്നം.

നെടുംപ്രയാർ: നെടുംപ്രയാർ ജംഗ്ഷനിൽ റോഡിന്റെ ഒരു ഭാഗത്ത് വെള്ളക്കെട്ടും മറുഭാഗത്ത് വലിയ കുഴിയുമാണ്. മഴപെയ്താൽ യാത്ര കടുപ്പമാകും.

മാരാമൺ : പാലത്തിലും അപ്രോച്ചുറോഡിലും ടാറിംഗ് ഉളകി ചെറുതും വലുതുമായ നിരവധി കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. സമീപമുള്ള കോഴഞ്ചേരി ബസ് സ്റ്റാൻഡിന് മുൻഭാഗത്തും നിരവധി ഗർത്തങ്ങളാണുള്ളത്.

തെക്കേമല : കോഴഞ്ചേരിക്കും കാരംവേലിക്കും ഇടയിൽ തെക്കേമല ജംഗ്ഷനിൽ തുടർച്ചയായി ഉണ്ടാകുന്ന കുഴികളടയ്ക്കാൻ ഇന്റർ ലോക്ക് കട്ടകൾ അടുക്കിയിട്ടുണ്ടെങ്കിലും ഇവിടെയും റോഡിൽ കുണ്ടും കുഴിയും രൂപപ്പെട്ടിട്ടുണ്ട്.

കാരംവേലി: കാരംവേലി തുണ്ടഴത്തും റോഡിൽ രൂപപ്പെട്ട വാരിക്കുഴികൾ നിരന്തരം അപകടം സൃഷ്ടിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL