
പത്തനംതിട്ട: സെൻസസിന്റെ ഭാഗമായി ജില്ലയിൽ സ്വയം വിവരങ്ങൾ നൽകിയത് 55,760 പേർ. ജൂൺ 16 മുതൽ 30 വരെയായിരുന്നു സെൻസസ് പോർട്ടലിൽ സ്വയം വിവരം നൽകാൻ (സെൽഫ് എന്യൂമറേഷൻ) സൗകര്യമുണ്ടായിരുന്നത്. പ്രിൻസിപ്പൽ സെൻസസ് ഓഫീസർ കൂടിയായ ജില്ല കളക്ടർ എ.നിസാമുദ്ദീൻ സെൽഫ് എന്യൂമറേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ജനപ്രതിനിധികൾ, സർക്കാർ, പൊതുമേഖല, സ്വകാര്യസ്ഥാപന ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ, കലാകാരൻമാർ, ഹരിതകർമസേനാംഗങ്ങൾ, ടാക്സി തൊഴിലാളികൾ, എൻ.എസ്.എസ്, എൻ.സി.സി കേഡറ്റുകൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ സെൽഫ് എന്യുമറേഷൻ പ്രക്രിയയിൽ ഭാഗമായി. റെസിഡൻസ് അസോസിയേഷൻ, വ്യാപാര വ്യവസായ സമിതി, അദ്ധ്യാപക രക്ഷാകർത്തൃ സമിതി, സന്നദ്ധസേനകൾ തുടങ്ങിയവയും സെൽഫ് എന്യുമറേഷനിൽ സജീവമായി പങ്കെടുത്തു. പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് ഉദ്യോഗസ്ഥർ ഉന്നതികൾ സന്ദർശിച്ച് സെൽഫ് എന്യുമറേഷന് നേതൃത്വം നൽകി. സെൻസസ് അവബോധം വളർത്തുന്നതിനും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ വിവരങ്ങൾ രേഖപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുന്നതിനും ജില്ലയിൽ ജൂൺ 29 സെൽഫ് എന്യൂമറേഷൻ ഡേ ആചരിച്ചു. സർക്കാർ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും പ്രത്യേക ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലയിലെ സ്‌കൂളുകളിലും കോളജുകളിലും ഐ.ടി.ഐ, പോളിടെക്നിക് ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രത്യേക അസംബ്ലികളും ബോധവത്കരണ ക്ലാസും ഡിജിറ്റൽ പ്രചാരണങ്ങളും നടത്തി. കളക്ടറേറ്റ്, വിവിധ സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കുമായി ജൂൺ 30 വരെ സെൻസസ് ഹെൽപ് ഡെസ്‌കും പ്രവർത്തിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |