
കോന്നി : കൊക്കാത്തോട് കാട്ടാത്തി ഉന്നതിയിലെ ഊരുമൂപ്പൻ മോഹൻദാസി (72) ന്റെ തിരോധാനത്തിന് പിന്നിൽ പൊലീസിന്റെ ചതിവെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. ഒത്തുതീർപ്പാക്കിയ കേസിൽ പൊലീസ് ചതിച്ചെന്നും കോടതിയിൽ നിന്ന് സമൻസ് വന്നതിലുള്ള മനോവിഷമത്തിലായിരുന്നു മൂപ്പനെന്നും ബന്ധുക്കൾ പറഞ്ഞു. മോഹൻദാസിനെ കാണാതായിട്ട് അഞ്ച് ദിവസം പിന്നിടുമ്പോഴും കണ്ടെത്താനാകാത്ത പശ്ചാത്തലത്തിലാണ് കുടുംബത്തിന്റെ പ്രതികരണം. 2023ൽ ഉന്നതിയിലെ ഗോമതി എന്ന സ്ത്രീ ഊരുമൂപ്പിനെതിരെ പരാതി നൽകിയിരുന്നു. കോന്നി പൊലീസ് സ്റ്റേഷനിൽ വച്ച് ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ സാന്നിദ്ധ്യത്തിൽ അന്ന് കേസ് ഒത്തുതീർപ്പാക്കിയിരുന്നു. കേസ് തീർന്നുവെന്ന് തങ്ങളെ വിശ്വസിപ്പിച്ചതായും പിന്നീട് കേസ് ചാർജ് ചെയ്ത് കോടതിയിലേക്ക് അയയ്ക്കുകയുമായിരുന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്. അടുത്തിടെ കോടതിയിൽ നിന്ന് സമൻസ് വന്നപ്പോഴാണ് വഞ്ചിക്കപ്പെട്ട വിവരം മൂപ്പനും കുടുംബവും അറിയുന്നത്. ഇതിന്റെ കടുത്ത മാനസിക വിഷമത്തിലാണ് അദ്ദേഹം കാട്ടിലേക്ക് പോയതെന്ന് ബന്ധുക്കൾ പറയുന്നു.
അന്ന് പരാതി നൽകിയ ഗോമതിയും പൊലീസ് നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ഊരുമൂപ്പനെ കണ്ടെത്താൻ കൂടുതൽ വനപാലകരെയും പൊലീസുകാരെയും എത്തിച്ചു തെരച്ചിൽ തുടരണമെന്ന് കുടുംബം ആവശ്യപ്പെടുന്നത്. വനത്തിലെ എല്ലാസ്ഥലങ്ങളും അറിയുന്ന ആളാണ് മൂപ്പൻ. പൊലീസും വനപാലകരും ഡോഗ് സ്കോഡും നാട്ടുകാരും ചേർന്ന് വനത്തിൽ അഞ്ച് ദിവസം തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |