
കോന്നി: അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ എട്ട്, ഒൻപത് വാർഡുകളെ ബന്ധിപ്പിക്കുന്ന മ്ലാന്തടം - മുറ്റാക്കുഴി റോഡ് തകർന്നിട്ട് ഒൻപതുവർഷമായിട്ടും അധികൃതർക്ക് അനക്കമില്ല. പുനലൂർ - മൂവാറ്റുപുഴ റോഡിൽ മ്ലാന്തടം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന റോഡ് മറ്റക്കുഴി പഴയ വായനശാലയ്ക്കു സമീപം കൊല്ലംപടി അതിരുങ്കൽ റോഡിലാണ് എത്തുന്നത്. മുൻപ് ടാറിംഗ് ചെയ്തിരുന്ന ഈ റോഡിന്റെ മിക്കഭാഗങ്ങളും തകർന്ന് മൺറോഡു പോലെയായി. ലക്ഷം വീട് ഉന്നതിയും എസ്.എൻ.ഡി.പി ശാഖയുടെ മ്ലാന്തടം ഗുരുമുരുക ക്ഷേത്രവും അങ്കണവാടിയും കൂടാതെ നൂറുകണക്കിന് വീടുകളും ഈ റോഡിന് ഇരുവശങ്ങളിലുമായുണ്ട്. സ്‌കൂൾകുട്ടികളും ഉദ്യോഗസ്ഥരും രോഗികളും ഉൾപ്പടെ നൂറുകണക്കിന് ആളുകൾ നിത്യേനസഞ്ചരിക്കുന്ന റോഡിൽ കാൽനടയാത്രയും ദുരിതപൂർണമാണ്. ഇരുചക്രവഹനങ്ങളിലെ യാത്ര അപകടകരമാകുമ്പോൾ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള മറ്റു ടാക്സി വാഹനങ്ങൾ ഈ ഭാഗത്തേക്ക് വരാറില്ല. സ്‌കൂൾ വാഹനങ്ങളും രോഗികളെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസും എത്താറില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.
വാഗ്ദാനം മാത്രം പണി നടന്നില്ല
റോഡിന്റെ അറ്റകുറ്റപ്പണി നടത്താൻ ജില്ലാ പഞ്ചായത്ത് ലക്ഷം രൂപ വകയിരുത്തി ടെൻഡർ വിളിച്ചെങ്കിലും കരാർ ഏറ്റെടുക്കാൻ ആരും തയാറായില്ല. മൂന്നുതവണ ടെൻഡർ വിളിച്ചശേഷം റോഡിന്റെ നവീകരണം ജില്ലാ പഞ്ചായത്ത് ഉപേക്ഷിച്ചു. തുടർന്ന് റോഡ് പുനർനിർമ്മിക്കാൻ ഒരുകോടി രൂപ എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ചതായി പ്രഖ്യാപനം വന്നെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. ഇതോടെ പ്രദേശവാസികളുടെ പ്രതീക്ഷ അസ്തമിച്ചു.
മ്ലാന്തടം - മുറ്റാക്കുഴി റോഡ് പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി പി.കെ.ബഷീറിന് നിവേദനം നൽകി. റോഡ് നിർമ്മിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
എൻ.ഡാൽസിംഗ്
മണ്ഡലം വൈസ് പ്രസിഡന്റ്
കോൺഗ്രസ്
.................................
റോഡിന്റെ നീളം: 2കി.മീ
റോഡ് തകർന്നിട്ട് : 9വർഷം
ജില്ലാ പഞ്ചായത്ത് അനുവദിച്ചത്: 20ലക്ഷം
എം.എൽ.എ പ്രഖ്യാപിച്ചത്: 1കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |