SignIn
Kerala Kaumudi Online
Thursday, 09 July 2026 3.58 AM IST

ആറൻമുള വള്ളസദ്യ 19 മുതൽ

sadhya

പത്തനംതിട്ട : ആറന്മുള പള്ളിയോട സേവാസംഘം ദേവസ്വം ബോർഡിന്റെ സഹായത്തോടെ നടത്തിവരുന്ന വള്ളസദ്യ വഴിപാടുകൾ 19 മുതൽ സെപ്തംബർ 16 വരെ നടക്കും. ഇടക്കുളം മുതൽ ചെന്നിത്തല വരെ ഇക്കുറി 51 പള്ളിയോടങ്ങൾ സദ്യയിൽ പങ്കെടുക്കും. 19ന് രാവിലെ ഏഴിന് കൊടിമരച്ചുവട്ടിൽ വഴിപാടുകാരൻ രണ്ട് നെൽപ്പറ നിറയ്ക്കുന്നതോടെ വള്ളസദ്യ ചടങ്ങുകൾക്ക് തുടക്കമാകും. ക്ഷേത്രകടവിൽ എത്തുന്ന പള്ളിയോടത്തെ വഴിപാടു നടത്തുന്ന ഭക്തൻ വെറ്റില, പുകയില നൽകി വഞ്ചിപ്പാട്ടിന്റെയും അഷ്ടമംഗല്യവിളക്ക്, താലപ്പൊലി, മുത്തുക്കുട, നാദസ്വര മേളം എന്നി​വയുടെ അകമ്പടിയോടെ ക്ഷേത്രത്തിനുള്ളിലേക്ക് സ്വീകരിക്കും. ആനക്കൊട്ടിലിലെ നിറപറയുടേയും നിലവിളക്കിന്റെയും മുമ്പിലൂടെ ക്ഷേത്രത്തിനു പ്രദക്ഷിണം വയ്ക്കും. അഷ്ടമംഗല്യ വിളക്കുമായി എത്തി സദ്യാലയത്തിലെ നിലവിളക്കിൽ ദീപം തെളിയിച്ച് വിളക്കിനു മുമ്പിൽ വിഭവങ്ങൾ വിളമ്പുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. 44 വിഭവങ്ങൾ ഇലയിൽ വിളമ്പുകയും പാടി ചോദിക്കുന്ന മുറയ്ക്ക് 20 വിഭവങ്ങൾ വഴിപാടുകാരൻ വിളമ്പി നൽകും.

ഇതുവരെ 470 സദ്യകൾ ബുക്കുചെയ്തു. 550 സദ്യകൾ നടന്നേക്കും. ഇത് സർവകാല റെക്കാഡാണ്.

പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, വൈസ് പ്രസിഡന്റ് കെ.എസ്.സുരേഷ്, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, ഫുഡ് കമ്മി​റ്റി കൺവീനർ ബി.കൃഷണകുമാർ, പബ്ലിസിറ്റി കൺവീനർ വിജയകുമാർ ചുങ്കത്തിൽ, റെയ്‌സ് കൺവീനർ അനൂപ് ഉണ്ണികൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

20 സദ്യാലയങ്ങൾ

ആദ്യദിനം 10 വള്ളസദ്യകൾ ഉണ്ടാകും. ജൂലായ് 19ന് ഉച്ചയ്ക്ക് 12 മണിക്ക് ദേവസ്വം ആരോഗ്യമന്ത്രി കെ.മുരളീധരൻ വള്ളസദ്യ ഉദ്ഘാടനം ചെയ്യും. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പങ്കെടുക്കും.

20 സദ്യാലയങ്ങൾ ഇക്കുറി ഉണ്ടാകും. 16 സദ്യ കോൺട്രാക്ടർമാർ സദ്യ ഒരുക്കുന്നു. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം വഴി ദിവസേന 8 ബസുകൾ വീതം എത്തും. ഇതിനായി പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ സദ്യ സജ്ജമാക്കിയിട്ടുണ്ട്.

300 രൂപയ്ക്ക് വള്ളസദ്യ

സ്‌പെഷ്യൽ പാസ് (ആറന്മുള സദ്യ) തെക്കേടത്ത് ഇല്ലം സദ്യാലയത്തിൽ ജൂലായ് 20 മുതൽ ആരംഭിക്കുന്നു. 300/ രൂപ പ്രകാരം സദ്യ നൽകുന്നു. ബുക്കിംഗ് ആരംഭിച്ചു.

ബുക്കിംഗി​ന് : aranmulaboatrace.com , 9048373110.

ആഗസ്റ്റ് 26 : തിരുവോണതോണി വരവ്.

30ന് : ഉത്രട്ടാതി ജലോത്സവം.

സെപ്തംബർ 04 : അഷ്ടമിരോഹിണി വള്ളസദ്യ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL