SignIn
Kerala Kaumudi Online
Saturday, 11 July 2026 3.03 AM IST

കുടുംബ ബഡ്ജറ്റിനും ഹോട്ടൽ മേഖലയ്ക്കും തിരിച്ചടി; 200ലേക്ക് കോഴിവില

kozhi

തിരുവല്ല : ആഘോഷ സീസണുകളൊന്നുമല്ലെങ്കിലും മഴക്കാലത്തിന്റെ തുടക്കത്തിൽ തന്നെ ഇറച്ചക്കോഴിവില റെക്കാഡുകൾ ഭേദിച്ച് കുതിച്ചുയർന്നു. സാധാരണക്കാരും ഹോട്ടൽ - കേറ്ററിംഗ് മേഖലയുമെല്ലാം പ്രതിസന്ധിയിലായി. ഏതാനും ആഴ്ചകൾക്കിടെ കിലോയ്ക്ക് 50 മുതൽ 100 രൂപ വരെ വിലയുയർന്നു. പല പ്രദേശങ്ങളിലും ബ്രോയിലർ കോഴിയുടെ വില കിലോയ്ക്ക് 190 രൂപയ്ക്ക് മുകളിലായി. കോഴിയിറച്ചിക്ക് ഡിമാന്റ് ഏറെയുള്ള ക്രിസ്‌മസ്‌, ഈസ്റ്റർ ആഘോഷവേളകളിൽ പോലും ഇത്രയധികം വില ഉയർന്നിട്ടില്ല. ഏപ്രിൽ, മെയ് കാലയളവിൽ 80 - 120 രൂപയായിരുന്നു വില ഇനിയും ഉയർന്ന് 200 പിന്നിടുമെന്നാണ് വിവരം.

ഹോട്ടലുകളെയും കേറ്ററിംഗ് സ്ഥാപനങ്ങളെയുമാണ് വിലവർദ്ധന ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. വിവാഹങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും നേരത്തേ നിശ്ചയിച്ച നിരക്കിൽ ഭക്ഷണം നൽകാൻ കരാറെടുത്തവർക്ക് അധികചെലവ് വഹിക്കേണ്ടിവരും. വില കൂട്ടിയാലും ഉപഭോക്താക്കളെ നഷ്ടപ്പെടുമെന്ന ആശങ്കയിൽ പലഹോട്ടലുകളും മെനുവിലെ വിലയിൽ മാറ്റം വരുത്താൻ മടിക്കുകയാണ്. വീടുകളിലും ചിക്കൻവിഭവങ്ങളുടെ ഉപയോഗം കുറഞ്ഞു. വിവാഹസീസൺ അടുക്കുന്നതോടെ വില കുറയുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും കേറ്ററിംഗ് സ്ഥാപനങ്ങളും.

കോഴിത്തീറ്റ വിലകൂടി

കോഴിത്തീറ്റയുടെ വില കൂടിയതാണ് പ്രധാന കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. തമിഴ്‌നാട്ടിലെ നാമക്കൽ, കോട്ടയം ജില്ലയിലെ വിവിധ ഫാമുകൾ എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വൻതോതിൽ കോഴികളെ എത്തിച്ചിരുന്നത്. എന്നാൽ തീറ്റവില 450 രൂപ കൂടിയതോടെ കോഴി വളർത്തൽ പലരും ഉപേക്ഷിച്ചതായാണ് വിവരം. തമിഴ്നാട്ടിൽ നിന്നുള്ള ബ്രോയിലർ കോഴികളുടെ വരവ് കുറഞ്ഞതും കേരളത്തിലെ ഉൽപാദനം ഇടിഞ്ഞതും വിലവർദ്ധനയ്ക്ക് കാരണമായിട്ടുണ്ട്.

വില കുറയാതെ ഇറച്ചിയും മീനും
അന്യസംസ്ഥാനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ കാളയും പോത്തും കേരളത്തിലേക്ക് കൊണ്ടുവരുന്നത് കുറഞ്ഞത് മേയ് മുതൽ ഇറച്ചി വില കൂടാൻ കാരണമായി. കിലോയ്ക്ക് 500 രൂപയിലധികമാണ് വില ഈടാക്കുന്നത്. ഇതുപേക്ഷിച്ച് കോഴി ഇറച്ചി തേടിപ്പോയവരും ഏറെയാണ്. ഉയർന്നവില കാരണം പലരും സസ്യാഹാര വിഭവങ്ങളിലേക്കും മാറുന്ന പ്രവണതകൂടി. നാടൻകോഴിയുടെയും മുട്ടയുടെയും വിലയും കൂടി. ട്രോളിംഗ് നിരോധനം തുടരുന്നതിനാൽ മത്സവിപണിയിലും വിലക്കയറ്റം രൂക്ഷമാണ്. മത്തിക്കും ചൂരയ്ക്കുമെല്ലാം മോഹവിലയാണ്. ഇറച്ചിയും മീനുമൊക്കെ ഇല്ലാതെ മാംസാഹാരപ്രിയർ കുഴയുന്ന സ്ഥിതിയാണ്.

വിലനിലവാരം 1kg

ഇറച്ചിക്കോഴി വില: 180 - 190 രൂപ

കോഴിയിറച്ചി വില: 270 - 290 രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL