
പത്തനംതിട്ട: സമയം ഉച്ചയ്ക്ക് ഒരുമണി, സൈറനും മണിയുമടിച്ച് പത്തനംതിട്ട ഫയർഫോഴ്സ് സംഘവും പിന്നാലെ സിവിൽ ഡിഫൻസ് അംഗങ്ങളും പുതുതായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന പത്തനംതിട്ട ജനറൽ ആശുപത്രി കെട്ടിടത്തിന് മുന്നിൽ ശരവേഗത്തിൽ വന്നുനിന്നു. ഗോവേണിയും റോപും ഉപയോഗിച്ച് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഞൊടിയിടയിൽ ബഹുനില കെട്ടിടത്തിന്റെ മുകളിലേക്ക്. നാലു പേരെ തോളിലേന്തിയും കയറിൽ കെട്ടിയും താഴേക്ക് ഇറക്കി. ഈസമയം ആശുപത്രിയിൽ എത്തിയ രോഗികളും കൂടെയുള്ളവരും പുതിയ ആശുപത്രി കെട്ടിടത്തിൽ മുന്നിലേക്ക് അമ്പരപ്പോടെ ഓടിയെത്തി. ഫയർഫോഴ്സ് രക്ഷിച്ചവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആളുകൾ അപകടത്തെപ്പറ്റി അന്വേഷിച്ചു. അപകടത്തിൽപ്പെട്ടവരെയെല്ലാം രക്ഷിച്ചതായി അറിയിപ്പ് കിട്ടി. തുടർന്ന് ആശുപത്രിക്കുള്ളിലേക്ക് കൊണ്ടുപോയവർ നടന്നിറങ്ങുന്നത് കണ്ടപ്പോഴാണ് ആളുകൾക്ക് ആശ്വാസമായത്. പത്തനംതിട്ട ഫയർഫോഴ്സ് സംഘവും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് നടത്തിയത് അപകടയിടത്തിലെ മോക്ക് ഡ്രില്ലായിരുന്നു ജനത്തെ ഞെട്ടിച്ചത്.
പത്തനംതിട്ട സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ, കോന്നി സ്റ്റേഷൻ ഓഫീസർ സന്ദീപ് എന്നിവരുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ പ്രദീപ്കുമാർ.എസ്, കെ.പി.പ്രദീപ്, രമേശ് കുമാർ, അഖിൽ ടി.എസ്, ഉണ്ണികൃഷ്ണൻ.വി.എസ്, അമൽചന്ത്, അനുരാജ്, ഡൽജ ജോഷി, അജു ടി, സുബിൻ രാജ്, ഹോംഗാർഡ് ഷാജി കുമാർ പി, സിവിൽ ഡിഫൻസ് അംഗങ്ങളായ ഷൈജു മോൻ, വിഷ്ണു.ജി, ഹരിക്കുട്ടൻ.എ, ആശാലക്ഷ്മി, ഫാദർ ബെഞ്ചി തോമസ്, രാഖിരാജ്, ചിത്ര, ഡോ.ഷാനി.എം.എം (സൂപ്രണ്ട്) , ഡോ.പ്രീജ (ഡെപ്യൂട്ടി സൂപ്രണ്ട്), സുധീഷ്.ജി (പി.ആർ.ഒ), അമ്പിളി.എസ് (ഇൻഫെക്ഷൻ കൺട്രോൾ നഴ്സ്) എന്നിവരും മുപ്പതോളം വരുന്ന ആശുപത്രി ജീവനക്കാരും ഡ്രില്ലിൽ പങ്കാളികളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |