SignIn
Kerala Kaumudi Online
Sunday, 16 August 2026 3.44 AM IST

ചിങ്ങപ്പുലരിയെ ധന്യമാക്കാൻ വല്ലഭ സന്നിധിയിൽ ശ്രീരാമപട്ടാഭിഷേകം കഥകളി

ramayanam

തിരുവല്ല : കഥകളിപ്രിയനായ ശ്രീവല്ലഭ സ്വാമിയുടെ തിരുമുമ്പിൽ രാമായണ മാസാചരണത്തിന് സമാപനം കുറിച്ച് പൊന്നിൻ ചിങ്ങപ്പുലരിയെ വരവേറ്റുകൊണ്ട് ശ്രീരാമപട്ടാഭിഷേകം കഥകളി അരങ്ങേറും. ശ്രീവല്ലഭപുരിയുടെ ഓരോജീവാംശവും അയോദ്ധ്യാപുരിയായി മാറുന്ന ശ്രീരാമപട്ടാഭിഷേക ദർശനം ഭക്തസഹസ്രങ്ങൾക്ക് സുകൃതമേകുന്ന നിമിഷമാണ്. ഞായറാഴ്ച വൈകിട്ട് ഏഴ് മുതൽ ട്രിപ്പിൾ മേളപ്പദത്തോടു കൂടിയാകും അവതരണം. പ്രമുഖരായ കഥകളി കലാകാരൻമാർ അരങ്ങും അണിയറയും ധന്യമാക്കും. പുറപ്പാടിനുശേഷം രാത്രി 9.30ന് പ്രഹ്‌ളാദചരിതം കഥ അവതരിപ്പിക്കും. ചിങ്ങം പിറക്കുന്നതോടെ ശ്രീരാമപട്ടാഭിഷേകത്തിന് ഭക്തർ സാക്ഷികളാകും. തിങ്കളാഴ്ച പുലർച്ചെ 5.30ന് ശ്രീരാമപട്ടാഭിഷേക ചടങ്ങുകൾ ആരംഭിക്കും. വനവാസശേഷം മടങ്ങിയെത്തുന്ന ശ്രീരാമാദികളെ ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ നിന്ന് ആലവട്ടവും വെഞ്ചാമരവും വെടിക്കെട്ടും ഉൾപ്പെടെയുള്ള ആർഭാടങ്ങളോടെ എല്ലാ ആചാരാനുഷ്ഠാനങ്ങളോടെയും ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെ കിരീടധാരണത്തിനായി കഥകളി മണ്ഡപത്തിൽ എത്തിക്കും. ബാഹുബലി സിനിമയിലൂടെ ശ്രദ്ധേയമായ അശ്വരഥത്തിലാണ് ശ്രീരാമന്റെ എഴുന്നെള്ളിപ്പ്. പുലർച്ചെ പട്ടാഭിഷേക ചടങ്ങുകൾ അവസാനിക്കുന്നതോടൊപ്പം സന്തോഷ സൂചകമായി ഹനമാൻ സ്വാമി ഭക്തർക്ക് അവൽ പ്രസാദവും വിതരണം ചെയ്യും. ശ്രീവൈഷ്ണവം കഥകളിയോഗമാണ് അണിയറയ്ക്ക് പിന്നിൽ. ചെമ്പോലിൽ ശ്രീകുമാറിന്റെ വഴിപാടായാണ് കഥകളി സമർപ്പിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL