
പാറശാല: പൊഴിയൂരിനെ തകർച്ചയിൽ നിന്നും രക്ഷിക്കാനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രത്യേക പദ്ധതികൾ നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. അയ്യായിരത്തിൽപരം മത്സ്യത്തൊഴിലാളി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന കേരളത്തിലെ മത്സ്യബന്ധന വിപണന മേഖലകളിൽ ഒന്നായിരുന്ന പൊഴിയൂർ ഇന്ന് തകർച്ചയിലാണ്. നൂറ് മീറ്ററോളമുണ്ടായിരുന്ന കടൽത്തീരവും സമീപ പ്രദേശങ്ങളും ഇല്ലാതായതോടെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വ്യാപാരങ്ങൾ നിലച്ചു.
മത്സ്യത്തൊഴിലാളികളുടെ നിരവധി വീടുകളും കേരളത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന തീരദേശറോഡും ഒറ്റപ്പെട്ട നിലയിലാണ് കഴിയുന്നത്. മേഖലയിലെ തകർന്ന വീടുകൾക്ക് പകരമായി കുറെപ്പേർക്ക് സർക്കാർ വീടുകൾനിർമ്മിച്ച് നൽകിയെങ്കിലും ഭൂരിഭാഗവും തകർന്ന വീടുകളിലും മറ്റ് ബന്ധുവീടുകളിലുമായും കഴിയുകയാണ്. മത്സ്യബന്ധനം നിലച്ചതോടെ തൊഴിലില്ലാതെ നാട്ടുകാർ ബുദ്ധിമുട്ടുകയാണ്.
തകർന്നടിഞ്ഞ് തീരദേശ റോഡും
ഫിഷ് ലാൻഡിംഗ് സെന്ററും
കുളത്തൂർ പഞ്ചായത്തിലെ പരുത്തിയൂർ, തെക്കേകൊല്ലങ്കോട്,മുല്ലശ്ശേരി, പൊഴിക്കര,പാതിരിശേരി വാർഡുകൾ ഉൾപ്പെട്ടതാണ് പൊഴിയൂരിലെ തീരദേശ ഗ്രാമം അടങ്ങുന്ന മേഖല. ഇവിടം ഒന്നടങ്കം തകർന്ന നിലയിലാണ്. മത്സ്യത്തൊഴിലാളികളുടെ 500 ഓളം വീടുകൾ തകർന്നു, വള്ളങ്ങൾ ഉൾപ്പെടെയുള്ള മത്സ്യബന്ധന വസ്തുക്കൾ തകർന്നു, തീരദേശ റോഡ് തകർന്നു, മത്സ്യബന്ധനം കഴിഞ്ഞെത്തുന്നവർക്കായി നിർമ്മിച്ച ഫിഷ് ലാൻഡിംഗ് സെന്റർ, വല നെയ്‌ത്തു കേന്ദ്രം, ഓഖി പാർക്ക് ഉൾപ്പെടെ സർവ്വതും തകർന്നു.
നാശംവിതച്ച് അനധികൃത പുലിമുട്ട്
കഴിഞ്ഞ 5വർഷം മുൻപ് തമിഴ്നാട് സർക്കാർ അതിർത്തിക്കപ്പുറത്തായി നിർമ്മിച്ച അനധികൃത പുലിമുട്ടാണ് അതിർത്തിക്കിപ്പുറത്തുണ്ടായ തീരശോഷണത്തിനും നാശങ്ങൾക്കും കാരണം. നാട്ടുകാർ നിരവധി തവണ ജനപ്രതിനിധികൾക്കും സർക്കാർ അധികാരികൾക്കും പരാതികൾ സമർപ്പിച്ചെങ്കിലും താത്കാലികമായി അനുവദിച്ച ഫണ്ടുപയോഗിച്ച് അറ്റകുറ്റപ്പണികൾ നടത്തി. എന്നാൽ പ്രശ്‌നപരിഹാരത്തിന് സ്ഥിരമായ നടപടികളുണ്ടായിട്ടില്ല.
പൊഴിയൂരിനെ സംരക്ഷിക്കുന്നതിനായി കേന്ദ്ര-സംസ്ഥന സർക്കാരുകളുടെ സഹായത്തോടെ തീരശോഷണത്തിനെതിരെ ശക്തമായ കടൽഭിത്തി നിർമ്മിക്കുന്നതുൾപ്പെടെ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള ഒരു ബൃഹൃത് പദ്ധതി നടപ്പിലാക്കണം.
പൊഴിയൂർ ജോൺ ബോസ്ക്കോ,
തിരുവനന്തപുരം രൂപത മത്സ്യത്തൊഴിലാളി ഫോറം ജില്ല പ്രസിഡന്റ്
ഫോട്ടോ; കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് തകർന്ന പൊഴിയൂർ തീരത്തായി നിർമ്മിച്ചിരുന്ന കരിങ്കൽ ഭിത്തിയും തീരദേശ റോഡും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |