SignIn
Kerala Kaumudi Online
Sunday, 02 August 2026 5.21 AM IST

തിരയിൽപ്പെട്ട് വള്ളങ്ങൾ മറിഞ്ഞ് രണ്ടുപേരെ കാണാതായി

1

വിഴിഞ്ഞം: കഴിഞ്ഞ ദിവസമുണ്ടായ കടൽക്ഷോഭത്തിൽ രണ്ട് വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. കരുംകുളം പുല്ലുവിള സ്വദേശി ജോൺ(54),അടിമലത്തുറ സ്വദേശി ആന്റണി (61) എന്നിവരെയാണ് കാണാതായതെന്ന് വിഴിഞ്ഞം കോസ്റ്റൽ പൊലീസ് പറഞ്ഞു. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.

അഞ്ചുപേരുണ്ടായിരുന്ന വള്ളം മറിഞ്ഞാണ് ആദ്യത്തെ അപകടം. കടലിൽ വീണ സാജു (35), ദീപു(34), മനോജ്(35), ഷാജു(36) എന്നിവരെ മറ്റൊരു വള്ളത്തിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. ഇന്നലെ പുലർച്ചെ 1.30ഓടെ ഉൾക്കടലിലാണ് അപകടം. കടലിൽ വീണ ഇവർ വള്ളത്തിൽ പിടിച്ചുകിടക്കുന്നതിനിടയിലുണ്ടായ ശക്തമായ തിരയിലാണ് ജോണിയെ കാണാതായത്. വള്ളത്തിൽ പിടിച്ചു കിടന്ന രണ്ടുപേരെയും മണിക്കൂറുകൾക്ക് ശേഷം പുല്ലുവിളയിലെ മറ്റൊരു മത്സ്യബന്ധന വള്ളമാണ് രക്ഷിച്ചത്. മറിഞ്ഞ മറ്റൊരു വള്ളത്തിലുണ്ടായിരുന്ന ക്ലീറ്റസ്,മരിയദാസ് എന്നിവർ നീന്തി കരയ്ക്കുകയറിയെങ്കിലും ആന്റണിയെ കാണാതാകുകയായിരുന്നു. തീരത്തോട് ചേർന്നായിരുന്നു അപകടം.

അതിനിടെ ശക്തമായ കാറ്റിൽ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് കെട്ടിയിട്ടിരുന്ന ബോട്ടുകൾ,കട്ടമരങ്ങൾ എന്നിവ തകർന്നു. വലിയ കടപ്പുറം,ഫിഷ‌്ലാൻഡ് എന്നിവിടങ്ങളിലാണ് വള്ളങ്ങൾ കൂട്ടിയിടിച്ചത്. മത്സ്യത്തൊഴിലാളികളെ കാണാതായ വിവരമറിഞ്ഞ് മന്ത്രി സി.പി.ജോൺ,എം.വിൻസന്റ് എം.എൽ.എ എന്നിവർ വിഴിഞ്ഞത്തെത്തി. പുതിയ വാർഫിലെത്തിയ മന്ത്രി തെരച്ചിലും രക്ഷാപ്രവർത്തനവും ഊർജിതമായി നടത്താൻ നിർദ്ദേശം നൽകി.

രക്ഷകരായി തമിഴ്നാട് ബോട്ടിലുണ്ടായിരുന്നവർ

തലകീഴായി മറിഞ്ഞ വള്ളത്തിൽ നിന്നു തെറിച്ചുവീണ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് രക്ഷകരായത് തമിഴ്‌നാട് ട്രോളർ ബോട്ടിലുണ്ടായിരുന്നവർ. കടലിൽ വീണ് പുലർച്ചവരെ മറിഞ്ഞ വള്ളത്തിൽ പിടിച്ചു കിടക്കുകയായിരുന്ന കൊച്ചുതോപ്പ് സ്വദേശി ജോയി മാർക്കോസ്(57), വലിയതുറ സ്വദേശി റെക്‌സ് (60),വലിയതോപ്പ് സ്വദേശി അഖിൽ (26) എന്നിവരെയാണ് രക്ഷപ്പെടുത്തി മറൈൻ എൻഫോഴ്‌സ്മെന്റ് പട്രോൾ ബോട്ടിന് കൈമാറിയത്.

തൊഴിലാളികളുടെ പ്രതിഷേധം

രക്ഷാപ്രവർത്തനത്തിന് ബോട്ടുകളോ ആധുനിക സംവിധാനങ്ങളോ ഇല്ലാത്തതിൽ തൊഴിലാളികൾ പ്രതിഷേധിച്ചു.

ഇവിടെ ഉണ്ടായിരുന്ന രണ്ട് വാടക ബോട്ടുകളുടെ കരാർ കാലാവധി അവസാനിച്ചെങ്കിലും ഈ ബോട്ടുകളെയാണ് ഇന്നലെ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചത്. ഫിഷറീസ് വകുപ്പിന്റെ മറൈൻ ആംബുലൻസ് ഉപയോഗിക്കാനാകാതെ വാർഫിൽ കെട്ടിയിട്ടതിനെ തുടർന്നായിരുന്നു പ്രതിഷേധം,​ ഇന്ധനമില്ലെന്നതായിരുന്നു അധികൃതരുടെ വാദം. പ്രതിഷേധത്തെ തുടർന്ന് പിന്നീട് ഇന്ധനമെത്തിച്ച ശേഷം ആംബുലൻസ് തെരച്ചിലിന് ഉപയോഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL