SignIn
Kerala Kaumudi Online
Monday, 01 June 2026 5.05 AM IST

നഷ്ടത്തിന്റെ പാടത്ത് ഉഴുന്ന് വിപ്ലവം! കുറഞ്ഞ ചെലവിൽ മികച്ച വരുമാനവുമായി തൃശൂരിലെ കോൾക്കർഷകർ

uzhunnu
വിളവെടുക്കാറായ മുണ്ടൂരിലെ ഉഴുന്ന് പാടം

തൃശൂർ: കുറഞ്ഞ ചെലവും കുറഞ്ഞ പരിചരണവും,ഒപ്പം മികച്ച വരുമാനവും! നഷ്ടത്തിലായ നെൽകൃഷിക്ക് പകരമായി തൃശൂരിലെ കർഷകർ കണ്ടെത്തിയ ഉഴുന്ന് കൃഷി വിളവെടുപ്പിന് ഒരുങ്ങുന്നു.മുണ്ടൂർതാഴം കോൾപ്പടവ്,പേരാമംഗലം കറുക കോൾപ്പടവ് എന്നിവിടങ്ങളിൽ 103 ഏക്കർ വരുന്ന പാടശേഖരത്തിലാണ് ഇടവിളയായി ഉഴുന്ന് വിതച്ചത്.രണ്ടരമാസം കൊണ്ടാണ് വിളവെടുപ്പ്.കേരളത്തിൽ അപൂർവ്വമായാണ് ഇത്രയേറെ സ്ഥലത്ത് ഉഴുന്ന് കൃഷി ചെയ്യുന്നത്.

കൂട്ടുകൃഷിയിലൂടെ നെൽകൃഷിയിലും മത്സ്യകൃഷിയിലും വിജയം വരിച്ച 65 കർഷകർ ചേർന്നാണ് ഈ പരീക്ഷണത്തിന് തുടക്കമിട്ടത്.ഇത്തവണ പരീക്ഷണാടിസ്ഥാനമായതിനാൽ വലിയ വിളവ് പ്രതീക്ഷിക്കുന്നില്ലെന്നും കർഷകർ പറയുന്നു.ഏപ്രിൽ മാസത്തിലാണ് കൃഷിയിറക്കിയത്.അഞ്ചാം തീയതി വിളവെടുപ്പ് നടത്തും.അടുത്ത വർഷം ഫെബ്രുവരിയിൽ ഈ പാടശേഖരങ്ങളിൽ കൊയ്ത്ത് പൂർത്തിയാകുന്നതോടെ വീണ്ടും കൃഷി ഇറക്കുമെന്നും കർഷകർ പറയുന്നു.പടവ് കമ്മിറ്റി ഭാരവാഹികൾ കെ.എഫ്.ബ്ലസൻ,കെ.പി.ഔസേപ്പ്,പി.എസ്.അച്യുതൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൃഷി പരിപാലിക്കുന്നത്.

പദ്ധതി വ്യാപിപ്പിക്കാൻ ലക്ഷ്യം

കർഷകർ മുന്നോട്ടുവച്ച ആശയത്തിന് ഇസാഫ് ബാങ്ക് സൗജന്യമായി വിത്ത് നൽകി.ഏക്കറിന് എട്ട് കിലോ ഉഴുന്നാണ് വിതയ്‌ക്കേണ്ടത്.എന്നാൽ ആദ്യ തവണയായതിനാൽ പത്ത് കിലോ വിതച്ചു.ഒരേക്കറിൽ നിന്ന് 300 മുതൽ 400 കിലോവരെ ഉഴുന്ന് പരിപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷ. വിളവെടുക്കുന്ന കർഷകരിൽ നിന്ന് കിലോയ്ക്ക് 65 രൂപ നിരക്കിൽ ഉഴുന്ന് വാങ്ങാമെന്ന് ഇസാഫ് ബാങ്ക് അധികൃതർ അറിയിച്ചിട്ടുണ്ടെന്ന് കർഷകർ പറഞ്ഞു.അടുത്ത ഘട്ടത്തിൽ തൃശൂർ,പാലക്കാട് ജില്ലകളിലായി 10,000 ഏക്കറോളം സ്ഥലത്ത് വ്യാപിപ്പിക്കാനാണ് ഇസാഫ് ബാങ്ക് ലക്ഷ്യമിടുന്നുണ്ട്.

കുറഞ്ഞ ചെലവ്,പരിപാലനം

  • നെൽകൃഷിയുടെ അത്ര പരിപാലനം വേണ്ട, കൃഷി ചെലവും കുറവ്
  • ഉപയോഗിക്കുന്നത് ചാണകപ്പൊടിയും നാടൻ കളനാശിനികളും മാത്രം
  • കൃഷി സമയത്ത് നേരിയ മഴയോ മണ്ണിൽ ചെറിയ നനവോ ഉണ്ടായാൽ നല്ല വിളവ് ലഭിക്കും.
  • കാട്ടുപ്പന്നികളും കന്നുകാലികളും ഉഴുന്ന് ചെടികളോ ഇലകളോ ഭക്ഷിക്കില്ലെന്നതും ആശ്വാസം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL