SignIn
Kerala Kaumudi Online
Friday, 17 July 2026 3.34 AM IST

ഗവ.മെഡിക്കൽ കോളേജിൽ അനാഥർ മുതൽ അശരണർ വരെ

med-college

ദുരിതത്തിൽ സാധാരണക്കാർ

തൃശൂർ: മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കൽ കോളേജിൽ അനാഥ രോഗികളുടെ എണ്ണം കൂടുതൽ. സർജറിരോഗികളുള്ള 4-ാംവാർഡിലും ഓർത്തോ രോഗികളുള്ള 2-ാം വാർഡിലും ജനറൽ വാർഡുകളായ 9,10ലുമായി അമ്പതോളം അനാഥ രോഗികളാണുള്ളത്. മെഡിക്കൽ കോളേജിലെ ഓരോ വാർഡിലും 90 ഓളം രോഗികൾക്ക് മാത്രമേ കിടത്തിചികിത്സയ്ക്ക് സൗകര്യമുള്ളൂ. രോഗികൾക്ക് ബെഡുകൾ കിട്ടാതെയുള്ള

പരാതിയാണ് ഏറെ.മെഡിക്കൽ കോളേജിലെ വിവിധ വാർഡുകളിൽ കഴിയുന്ന അമ്പതോളം പേരിൽ ഇരുപതിൽ താഴെ പേർക്ക് മാത്രമേ അവിടെ ചികിത്സ നൽകേണ്ടതുള്ളൂ. അത്രയേറെ പരിചരണം ആവശ്യമില്ലാത്തവരെ ജില്ലാ ജനറൽ ആശുപത്രിയിലേക്കോ, പ്രൈമറി ഹെൽത്ത് സെന്ററിലേക്കോ, മറ്റോ മാറ്റാമെങ്കിലും പലരും പോകുന്നില്ല. അനാഥരോഗികളെയും മൃതദേഹങ്ങളെയും കൈവിടാനാകില്ലെങ്കിലും ബന്ധുക്കൾ ഏറ്റെടുത്താൽ കൂടുതൽ പേർക്ക് ആശുപത്രിയിൽ സൗകര്യം ഒരുങ്ങുമെന്നാണ് പ്രതീക്ഷ.

 കൈയൊഴിഞ്ഞ് ബന്ധുക്കൾ

അനാഥരെന്ന് പറഞ്ഞ് ചികിത്സയിൽ കഴിയുന്ന പലർക്കും സ്വന്തം വീടും ബന്ധുക്കളും ഉണ്ടെങ്കിലും കൊണ്ടുപോകുന്നില്ല. ആശുപത്രി വികസനത്തിനായി ചെലവഴിക്കേണ്ട എച്ച്.ഡി.എസ് തുകയിൽ നിന്നാണ് ഇവർക്ക് ഭക്ഷണം,വസ്ത്രം എന്നിവ നൽകുന്നത്. പരിചരണത്തിനായി കൂടുതൽ ജീവനക്കാരെ നിയോഗിക്കേണ്ടി വരുന്നതിനാൽ ആശുപത്രി പ്രവർത്തനങ്ങൾക്ക് ജീവനക്കാർ പര്യാപ്തമല്ലെന്നാണ് പരാതി.

 തിരക്കൊഴിയാതെ മോർച്ചറി

മോർച്ചറിയിലും അജ്ഞാത മൃതദേഹങ്ങളുടെ തിരക്ക്. പത്തോളം അനാഥ മൃതദേഹങ്ങൾ മോർച്ചറിയിൽ എപ്പോഴുമുണ്ടാകും. മറ്റുള്ള മൃതദേഹം അല്പം സൂക്ഷിക്കാൻ പോലും ഇതുമൂലം കഴിയാറില്ല.

അനാഥർ മരിച്ചാൽ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും. പിന്നീട് സംസ്കാരക്രിയകൾക്ക് മുൻപുള്ള നടപടിക്രമങ്ങൾക്കായി പത്തുദിവസമെങ്കിലുമെടുക്കും. അനാഥ മൃതദേഹങ്ങളാണ് മോർച്ചറിയിലെ ഫ്രീസറിന്റെ ലഭ്യതക്കുറവിന് പ്രധാന കാരണം.

ഗുരുതര വിഷയമായതിനാൽ പ്രശ്‌ന പരിഹാരത്തിന് ആശുപത്രി വികസന സൊസൈറ്റി ചെയർപേഴ്സൺ കൂടിയായ കളക്ടറും സാമൂഹികനീതി വകുപ്പ് അധികൃതരും ഇടപെടണം.

- കെ.എൻ.നാരായണൻ, എച്ച്.ഡി.എസ് എംപ്ലോയീസ് കോൺഗ്രസ് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL