
തൃശൂർ: കർക്കടക മാസാരംഭമായ ഇന്ന് കേരള പോസ്റ്റൽ സർക്കിൾ കൊച്ചി സെൻട്രൽ റീജിയൺ 'നാലമ്പല ദർശനം' പ്രമേയത്തിൽ 'കാരിഡ് സ്‌പെഷ്യൽ കവർ' പുറത്തിറക്കും. ഇരിങ്ങാലക്കുടയിൽ നടക്കുന്ന ചടങ്ങിൽ കൊച്ചി സെൻട്രൽ റീജിയൺ പോസ്റ്റ്മാസ്റ്റർ ജനറൽ ടി.നിർമ്മലദേവി കവർ പ്രകാശനം ചെയ്യും. ഫിലാറ്റലിക് പാസ്പോർട്ട് സഹിതമുള്ള ഈ കവർ തൃപ്രയാർ ശ്രീരാമ ക്ഷേത്രം, കൂടൽമാണിക്യം ഭരത ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം, പായമ്മൽ ശത്രുഘ്‌ന ക്ഷേത്രം എന്നിവിടങ്ങളിലൂടെ സഞ്ചരിക്കും.
കവറിലെ ഫിലാറ്റലിക് പാസ്പോർട്ടിൽ ഇഷ്ടമുള്ള സ്റ്റാമ്പ് പതിപ്പിക്കാനും പ്രത്യേക 'ക്യാൻസലേഷൻ' മുദ്ര പതിപ്പിക്കാനും സൗകര്യമുണ്ട്. തൃപ്രയാർ ക്ഷേത്രത്തിലെ പൂജകൾക്ക് ശേഷം ആരംഭിക്കുന്ന യാത്രയിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസ് പോസ്റ്റ്മാസ്റ്റർ ശബരീഷ് സി.സി കവറുകൾ വഹിക്കും. വലപ്പാട്, ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസ്, അരിപാലം എന്നിവിടങ്ങളിൽ പ്രത്യേക മുദ്രണം നടക്കും.
ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിൽ ഉച്ചയ്ക്ക് മൂന്നിന് നടക്കുന്ന പ്രകാശനച്ചടങ്ങ് ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർമാൻ എം.പി.ജാക്‌സൺ ഉദ്ഘാടനം ചെയ്യും. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലളിത എം.ആന്റണി, വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.തമ്പി, പി.കെ.മോഹനൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.കെ.രവീന്ദ്രൻ, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ സി.കെ.ഗോപി, പയ്യമ്മൽ ദേവസ്വം സെക്രട്ടറി പി.പി.ജയപ്രകാശ് തുടങ്ങിയവർ പങ്കെടുക്കും. ഇരിങ്ങാലക്കുട പോസ്റ്റൽ ഡിവിഷന്റെ ജനസമ്പർക്ക പരിപാടികളുടെ ഭാഗമായി വിവിധ വാർഡുകളെ സമ്പൂർണ്ണ ഇൻഷ്വറൻസ്, എസ്.എസ്.എ വാർഡുകളായി ചടങ്ങിൽ പ്രഖ്യാപിക്കും. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ 28-ാം വാർഡ്, പൂമംഗലം പഞ്ചായത്തിലെ 11-ാം വാർഡ് എന്നിവ സമ്പൂർണ്ണ എസ്.എസ്.എ, ഇൻഷ്വറൻസ് വാർഡുകളാകും. വലപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിനെ സമ്പൂർണ്ണ എസ്.എസ്.എ വാർഡായും അഞ്ചാം വാർഡിനെ സമ്പൂർണ്ണ ഇൻഷ്വറൻസ് വാർഡായും പ്രഖ്യാപിക്കും. ഗുണഭോക്താക്കൾക്കുള്ള പാസ്ബുക്ക് വിതരണവും ഇതോടൊപ്പം നടക്കും. തപാൽ വകുപ്പിന്റെ ഫിലാറ്റലിക് സേവനങ്ങളും നാലമ്പല ദർശന പാരമ്പര്യവും ജനങ്ങളിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |