
തൃശൂർ: സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണമായി ആലപിക്കാത്തതിനെ ചൊല്ലി തൃശൂരിൽ വിവാദം. സർക്കാർ സ്വാതന്ത്ര്യദിനാഘോഷം നടത്തിയ തേക്കിൻകാട് മൈതാനത്ത്, അതേ സമയത്ത് രാഷ്ട്രരക്ഷാ സമിതിയുടെ നേതൃത്വത്തിൽ വന്ദേമാതരം പൂർണമായി ആലപിച്ച് ദേശീയപതാക ഉയർത്തിയത് രാഷ്ട്രീയ തർക്കത്തിനും ഇടയാക്കി. തേക്കിൻകാട് മൈതാനത്ത് നടന്ന ഔദ്യോഗിക ചടങ്ങിൽ വന്ദേമാതരം ആലപിച്ചിരുന്നില്ല. സർക്കാർ പരിപാടിക്കിടെ ബി.ജെ.പി സമാന്തര പരിപാടി സംഘടിപ്പിച്ചതിനെ വിമർശിച്ച് മന്ത്രി ഒ.ജെ. ജനീഷ് രംഗത്തെത്തി. തെക്കേഗോപുരനടയിൽ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ ദേശീയപതാക ഉയർത്തി. തുടർന്ന് വന്ദേമാതരം പൂർണമായി ആലപിച്ചു. ജസ്റ്റിൻ ജേക്കബ്, അനീഷ് ഇയാൽ, അഡ്വ. കെ.ആർ.ഹരി, സുജയ് സേനൻ, ഡോ. വി. ആതിര, സീന പ്രകാശ്, ഷീബ ബാബു, എൻ. ആർ. റോഷൻ, അശ്വിൻ വാരിയർ, സന്തോഷ്, വിപിൻ ഐനീക്കുന്നത്, സുരേന്ദ്രൻ ഐനീക്കുന്നത് എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നു.
കോർപറേഷനിലും പ്രതിഷേധം
കോർപ്പറേഷനിലും വന്ദേമാതരത്തെ ചൊല്ലി ബി.ജെ.പി പ്രതിഷേധിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയഗീതമായ വന്ദേമാതരം ആലപിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി കൗൺസിലർമാർ ഗാനം മുഴുവനായി ആലപിച്ചു. ഗാനം ആലപിച്ചപ്പോൾ മേയറും ഡെപ്യൂട്ടി മേയറും മൈക്കിലൂടെ പ്രസംഗിച്ച് തടസപ്പെടുത്തിയെന്നും കൗൺസിലർമാർ ആരോപിച്ചു.
വന്ദേമാതരം ആലപിക്കുന്നതിന് തടസം സൃഷ്ടിക്കുകയും ദേശീയഗീതത്തോട് അനാദരവ് കാണിക്കുകയും ചെയ്തതായി ആരോപിച്ച് ബി.ജെ.പി, സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ, സിസി ടി.വി ദൃശ്യങ്ങൾ, ഫോട്ടോകൾ എന്നിവയും പരാതിക്കൊപ്പം നൽകി.
പരാതി നൽകി ക്ഷേത്രം മാനേജർ
തൃശൂർ: വടക്കുന്നാഥ ക്ഷേത്ര മൈതാനിയിൽ ദേവസ്വം അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ച സംഭവത്തിൽ വടക്കുന്നാഥ ക്ഷേത്രം മാനേജർ ലക്ഷ്മി കെ.പ്രകാശ് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇന്ന് രാവിലെ 9 മണിയോടെ തെക്കേ ഗോപുരനടയ്ക്ക് സമീപമായിരുന്നു സംഭവം. അമ്പതോളം വരുന്ന സംഘം ക്ഷേത്ര ജീവനക്കാരന്റെ നിർദ്ദേശം അവഗണിക്കുകയും തടയാൻ ശ്രമിച്ചവരോട് തർക്കിക്കുകയും ചെയ്ത ശേഷമാണ് പരിപാടി നടത്തിയതെന്ന് പറയുന്നു. അനുമതിയില്ലാത്ത പരിപാടികൾ നടത്തുന്നതിൽ കൊച്ചിൻ ദേവസ്വം ബോർഡ് ശക്തമായ ആശങ്ക രേഖപ്പെടുത്തി.
ബി.ജെ.പിയുടെ നടപടി സ്വാതന്ത്ര്യദിനത്തിന്റെ പവിത്രതയെ അപമാനിക്കുന്നതാണ്. സ്വാതന്ത്ര്യസമരത്തെക്കുറിച്ച് ഒന്നും അവകാശപ്പെടാനില്ലാത്തവരാണ് അവർ. ചൊല്ലിയത് തന്നെ തെറ്റായിരുന്നു- മന്ത്രി ഒ.ജെ.ജനീഷ്
ദേശീയഗീതമായ വന്ദേമാതരം ആദ്യന്തം ആലപിക്കേണ്ടത് രാജ്യത്തിന്റെ നിയമമാണെന്നും അത് പാലിക്കാൻ യു.ഡി.എഫ്. സർക്കാർ തയ്യാറാകണം
-അഡ്വ.കെ.കെ.അനീഷ് കുമാർ,
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ്
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് തേക്കികാട് മൈതാനത്ത് നടന്ന ഔദ്യോഗിക ചടങ്ങിന് സമാന്തരമായി ബി.ജെ.പി പരിപാടി സംഘടിപ്പിച്ചത് അപലപനീയവും അനാദരവുമാണ്. ക്ഷേത്രമൈതാനത്ത് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിന് ഹൈക്കോടതിയുടെ മാർഗനിർദ്ദേശങ്ങളുണ്ട്. ഇത് പൂർണമായും ലംഘിക്കപ്പെട്ടിരിക്കുകയാണ്.അഡ്വ.ജോസഫ് ടാജറ്റ്
ഡി.സി.സി പ്രസിഡന്റ്)
തൃശൂരിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഔദ്യോഗിക പരിപാടി നടക്കുന്ന വേദിക്ക് സമീപം സമാന്തര പരിപാടി സംഘടിപ്പിച്ച ബി.ജെ.പി നടപടി പ്രതിഷേധാർഹമാണ്. സാധാരണ നിലയിൽ ഒരു പാർട്ടിയും സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങിനെ അലങ്കോലപ്പെടുത്തുന്ന ഒരു പരിപാടിയും നടത്താറില്ല. ബി.ജെ.പി കേന്ദ്രം ഭരിക്കുന്ന കക്ഷിയായതിനാൽ കൂടുതൽ ഉത്തരവാദിത്വം കാണിക്കേണ്ടതായിരുന്നു. അതുണ്ടായില്ല.
( കെ.വി.അബ്ദുൾ ഖാദർ, സി.പി.എം ജില്ലാ സെക്രട്ടറി)
ക്ഷേത്ര മൈതാനിയിൽ തെക്കേ ഗോപുര നടയ്ക്ക് സമീപം അനുമതി ഇല്ലാതെ പരിപാടികൾ സംഘടിപ്പിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ വേണ്ട നടപടി സ്വീകരിക്കണം. ക്ഷേത്ര മാനേജർ പൊലീസിൽ പരാതി നൽകി.
കെ. രവീന്ദ്രൻ,
കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |