തൃശൂർ: കുട്ടികൾ പൂ പറിക്കാൻ ഓടിയിരുന്ന കാലം മാറി. പൂവട്ടികൾ തേടി വീടുകളിലെത്തിയിരുന്ന കുട്ടികളുടെ എണ്ണവും കുറഞ്ഞു. പക്ഷേ, തൃപ്രയാറിലെ ഇന്ദിരയുടെ കൈകളിൽ ഇന്നും ഓണത്തിന്റെ പഴയ ഭംഗി കൈതോലയിൽ പിറക്കുന്നു. നൂറുകണക്കിന് പൂവട്ടികൾ നെയ്തിരുന്ന ഇന്ദിര ഇന്ന് നിർമ്മിക്കുന്ന പൂവട്ടികളുടെ എണ്ണം കുറവാണെങ്കിലും തൊഴിലിൽ സജീവമാണ്. ഇപ്പോൾ അഞ്ചോ പത്തോ എണ്ണം മാത്രമാണ് തയ്യാറാക്കുന്നത്. കുട്ടികൾ പൂ പറിക്കുന്ന പതിവ് കുറഞ്ഞതോടെ പൂവട്ടികൾ തേടിയെത്തുന്നവരുടെ എണ്ണവും കുറഞ്ഞതായി നടുപറമ്പിൽ പരേതനായ മാധവന്റെ ഭാര്യ ഇന്ദിര പറയുന്നു.
പൂവട്ടി നിർമ്മിക്കാൻ ആവശ്യമായ കൈതോല ലഭിക്കുന്നതും ഇപ്പോൾ പ്രയാസമാണ്. നേരത്തെ കനോലി കനാലിന്റെ തീരങ്ങളിലും കുളങ്ങളുടെ പരിസരങ്ങളിലും ധാരാളമായി കൈതകൾ വളർന്നിരുന്നെങ്കിലും ഇപ്പോൾ അവ കുറഞ്ഞു. കൈതോല ഉപയോഗിച്ച് പായയും മറ്റും നിർമ്മിച്ചിരുന്ന തൊഴിൽമേഖലയും ഇല്ലാതായതോടെ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയും കുറഞ്ഞു.
മുന്നൊരുക്കം മാസങ്ങൾക്ക് മുമ്പ്
ഓണക്കാലത്തിന് മാസങ്ങൾക്കു മുമ്പുതന്നെ പൂവട്ടി നിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങണം. മഴക്കാലത്തിന് മുമ്പ് കൈതോല വെട്ടി മുള്ളുകൾ നീക്കി കീറി ഉണക്കിയാണ് സൂക്ഷിക്കുന്നത്. രണ്ടോ മൂന്നോ മണിക്കൂർകൊണ്ടാണ് ഒരു പൂവട്ടി നെയ്‌തെടുക്കുന്നത്. നാലു വയസുമുതൽ ഓലകൊണ്ട് ഓലപന്ത്, വള്ളം, പൂവട്ടി, ഉണ്ണിപ്പുര തുടങ്ങിയവ നിർമ്മിക്കുന്ന ഇന്ദിരയ്ക്ക് ഈ മേഖലയിലെ പരിചയം ഏറെയാണ്. കൈതോലയും തെങ്ങോലയും ഉപയോഗിച്ച് വിവിധ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഇന്ദിരയെ നിരവധി സംഘടനകൾ ആദരിച്ചിട്ടുണ്ട്.
രണ്ടോ മൂന്നോ മണിക്കൂർ കൊണ്ടാണ് ഒരു പൂവട്ടി നെയ്‌തെടുക്കുന്നത്. ആദ്യകാലങ്ങളിൽ ധാരാളം ആവശ്യക്കാർ എത്തിയിരുന്നു.
( ഇന്ദിര മാധവൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |