
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോഹോട്ട്സ്റ്റാർ ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭീമനായ ഓപ്പൺ എ.ഐയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ചാറ്റ് ജി.പി.ടിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന കൺവേഴ്‌സേഷണൽ വോയിസ് ഡിസ്‌കവറി (സിവിഡി) എന്ന നൂതന ഫീച്ചർ ഈ സഹകരണത്തിലൂടെ ജിയോഹോട്ട്സ്റ്റാർ പ്ലാറ്റ്‌ഫോമിൽ അവതരിപ്പിച്ചു.
പരമ്പരാഗതമായ കീവേഡ് സെർച്ച് രീതികൾക്ക് പകരം ഉപഭോക്താക്കളുമായി നേരിട്ട് സംവദിക്കുന്ന രീതിയിലേക്ക് ഇന്ത്യയിലെ സ്ട്രീമിംഗ് അനുഭവത്തെ മാറ്റുകയാണ് ലക്ഷ്യം. ഉപഭോക്താവിന്റെ താത്പര്യങ്ങൾക്കപ്പുറം അവരുടെ ഉദ്ദേശശുദ്ധിയും സാഹചര്യവും മനസിലാക്കി മികച്ച ശുപാർശകൾ നൽകാൻ സാധിക്കുന്ന സംവിധാനമാണ് സിവിഡി.
ഉപഭോക്താക്കളുടെ മാനസികാവസ്ഥ, പ്രത്യേക സാഹചര്യങ്ങൾ എന്നിവയ്ക്കനുസരിച്ച് സിനിമകളും ഷോകളും കണ്ടെത്താൻ സിവിഡി സഹായിക്കും. ഉദാഹരണത്തിന് മാതാപിതാക്കൾക്കൊപ്പം കാണാൻ കഴിയുന്ന സിനിമകൾ നിർദേശിക്കൂ എന്നോ, ഡ്രാമ വേണം, എന്നാൽ കൂടുതൽ സങ്കടകരമാകരുത് എന്നോ ഉള്ള സങ്കീർണമായ ആവശ്യങ്ങൾ കൃത്യമായി വിശകലനം ചെയ്ത് പ്രസക്തമായ കണ്ടന്റുകൾ ലഭ്യമാക്കാൻ ഇതിന് കഴിയും.
തത്സമയ കായിക മത്സരങ്ങൾക്കിടയിൽ ഒരു സെക്കൻഡ് സ്‌ക്രീൻ ഇന്റലിജൻസായി ഇത് പ്രവർത്തിക്കും. ക്രിക്കറ്റ് മത്സരങ്ങൾക്കിടയിൽ ഇപ്പോൾ ആരാണ് ടോപ്പ് സ്‌കോറർ എന്നോ അവസാന വിക്കറ്റ് വീണത് എങ്ങനെയെന്ന് കാണിക്കൂ എന്നോ ചോദിച്ചാൽ തത്സമയം മറുപടി നൽകാനും ഈ എഐ സംവിധാനത്തിന് സാധിക്കും.
ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ഈ സേവനം ലഭ്യമാവുക. സംഭാഷണത്തിനിടയിൽ ഭാഷകൾ മാറി ഉപയോഗിച്ചാലും സിസ്റ്റത്തിന്റെ കൃത്യത കുറയില്ല. ഈ പങ്കാളിത്തത്തിലൂടെ ജിയോ ഹോട്ട്സ്റ്റാർ കണ്ടന്റുകൾ ചാറ്റ് ജി.പി.ടി ഉപഭോക്താക്കൾക്കും ലഭ്യമാകും. വിനോദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചാറ്റ് ജിപിടിയോട് ചോദിക്കുന്ന ഉപയോക്താക്കൾക്ക് ജിയോഹോട്ട്സ്റ്റാറിലെ പ്രസക്തമായ കണ്ടന്റുകളും സ്ട്രീമിങ് ലിങ്കുകളും നിർദേശങ്ങളായി ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |