
കൊച്ചി: പശ്ചിമേഷ്യയിലെയും ഗൾഫിലെയും യുദ്ധ സാഹചര്യങ്ങൾ സൃഷ്ടിച്ച പ്രതിസന്ധി കണക്കിലെടുത്ത് ടൂറിസം മേഖലയിൽ വായ്പാ തിരിച്ചടവുകൾക്ക് മൊറട്ടോറിയം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള ട്രാവൽ മാർട്ട് (കെ.ടി.എം) സൊസൈറ്റി കേന്ദ്ര സർക്കാരിന് നിവേദനം സമർപ്പിച്ചു.
യാത്രാതടസങ്ങൾ, വിമാനം റദ്ദാക്കൽ, വിദേശ വിനോദസഞ്ചാരികളുടെ വരവിലെ ഗണ്യമായ കുറവ് എന്നിവ ഹോട്ടലുകൾ, ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ഏജൻസികൾ തുടങ്ങിയ എല്ലാ വിഭാഗങ്ങളെയും സാരമായി ബാധിച്ചു.
വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ വിലവർദ്ധനവിൽ ടൂറിസം സ്ഥാപനങ്ങളുടെ പ്രവർത്തനച്ചെലവ് വൻതോതിൽ വർദ്ധിപ്പിച്ചു. വിദേശ സഞ്ചാരികളുടെ സീസണല്ലാത്തതിനാൽ വരുമാനം കുറഞ്ഞതോടെ വായ്പകളുടെ തിരിച്ചടവ് ഉൾപ്പെടെ ബാദ്ധ്യതകൾ നിറവേറ്റാൻ വിഷമിക്കുകയാണ്. വായ്പകൾക്കും പലിശയ്ക്കും ഒരു വർഷത്തെ മൊറട്ടോറിയം അനുവദിക്കണം. വായ്പ എടുത്തവരുടെ ക്രെഡിറ്റ് റേറ്റിംഗിനെ നടപടി ബാധിക്കില്ലെന്ന് ഉറപ്പുവരുത്താൻ ബാങ്കുകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകണമെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കെ.ടി.എം പ്രസിഡന്റ് ജോസ് പ്രദീപ് സമർപ്പിച്ച നിവേദനത്തിൽ അഭ്യർത്ഥിച്ചു.
കോവിഡ് കാലത്ത് നടപ്പാക്കിയ എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്‌കീം മാതൃകയിൽ ടൂറിസം മേഖലയ്ക്ക് പ്രവർത്തന മൂലധനം ലഭ്യമാക്കുന്നതിനായി പ്രത്യേക സാമ്പത്തിക സഹായ പദ്ധതി ആവിഷ്‌കരിക്കണമെന്നും കെ.ടി.എം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |