
സാമ്പത്തിക പ്രതിസന്ധി രൂക്ഷം
കൊച്ചി: ആഗോള മേഖലയിൽ ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ സ്വർണവും രൂപയും തകർന്നടിഞ്ഞു. സുരക്ഷിതത്വം തേടി നിക്ഷേപകർ ഡോളർ, യു.എസ് ബോണ്ടുകൾ എന്നിവയിലേക്ക് പണമൊഴുക്കിയതാണ് രൂപയ്ക്കും സ്വർണത്തിനും തിരിച്ചടിയായത്. വിദേശ നാണയ ശേഖരം സംരക്ഷിക്കാനായി ഇന്ത്യ സ്വർണത്തിന്റെ ഇറക്കുമതി തീരുവ ആറിൽ നിന്നും 15 ശതമാനമായി ഉയർത്തിയതോടെ ഉപഭോഗം ഇടിയുമെന്ന ആശങ്ക സ്വർണ വിലയിടിവ് രൂക്ഷമാക്കി. രാജ്യാന്തര വിപണിയിൽ സ്വർണ വില ഇന്നലെ ഔൺസിന് നൂറ് ഡോളർ കുറഞ്ഞ് 4,550 ഡോളറായി.
ആഗോള വിപണിയുടെ ചുവടു പിടിച്ച് മൾട്ടി കമ്മോഡിറ്റി എക്‌സ്ചേഞ്ചിൽ സ്വർണ വില പത്ത് ഗ്രാമിന് 3,000 രൂപ കുറഞ്ഞ് 1,59,000 രൂപയിലെത്തി. കേരളത്തിൽ സ്വർണ വില പവന് ഇന്നലെ മൂന്ന് തവണയായി 3,440 രൂപ കുറഞ്ഞ് 1,15,600 രൂപയായി. ഗ്രാമിന്റെ വില 430 രൂപ ഇടിഞ്ഞ് 14,450 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് 290 രൂപയിലേക്ക് താഴ്ന്നു.
കേന്ദ്ര ബാങ്കുകൾ സ്വർണം വിൽക്കുന്നു
ക്രൂഡോയിൽ വില വർദ്ധനയുടെ പശ്ചാത്തലത്തിൽ വിദേശ നാണയം സമാഹരിക്കുന്നതിനായി വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സ്വർണ ശേഖരം വിറ്റഴിക്കുന്നതാണ് വിലയിടിവ് ശക്തമാക്കുന്നത്.
ക്രൂഡോയിൽ വിലക്കയറ്റം ഏപ്രിലിൽ ലോകമെമ്പാടും വിലക്കയറ്റം രൂക്ഷമാക്കുകയാണ്. ഇതിനാൽ അമേരിക്കയിലെ ഫെഡറൽ റിസർവ് അടക്കമുള്ള കേന്ദ്ര ബാങ്കുകൾ മുഖ്യ പലിശ നിരക്ക് കൂട്ടുമെന്ന വാർത്തകൾ സ്വർണത്തിന് പ്രിയം കുറച്ചു. വിദേശ നാണയ ശേഖരം സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതോടെ സ്വർണ വിൽപ്പന ഗണ്യമായി ഇടിയുകയാണെന്ന് ജുവലറി ഉടമകൾ പറയുന്നു.
രൂപ @96.14
ക്രൂഡോയിൽ വിലയിലെ വർദ്ധനയും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച രൂക്ഷമാക്കും. ഡോളറിനെതിരെ ഇന്നലെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന തലമായ 96.14ൽ അവസാനിച്ചു. റിസർവ് ബാങ്കും കേന്ദ്ര സർക്കാരും കടുത്ത നടപടികൾ സ്വീകരിച്ചിട്ടും രൂപയ്ക്ക് പിന്തുണയാകുന്നില്ല. ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറൻസിയാണ് രൂപ.
വിദേശ നാണയ ശേഖരം ഉയർന്നു
കൊച്ചി: ആഗോള അനിശ്ചിതത്വത്തിന് ഇടയിലും ഇന്ത്യയുടെ വിദേശ നാണയ ശേഖരം ഉയരുന്നു. മേയ് എട്ടിന് അവസാനിച്ച വാരത്തിൽ വിദേശ നാണയ ശേഖരം 629.5 കോടി ഡോളർ വർദ്ധിച്ച് 69,698.8 കോടി ഡോളറിലെത്തി. മുൻവാരം വിദേശ നാണയ ശേഖരം 779.4 കോടി ഡോളർ ഇടിഞ്ഞിരുന്നു. ഫെബ്രുവരിയിൽ 72,849.4 കോടി ഡോളറെന്ന റെക്കാഡ് ഉയരത്തിലെത്തിയതിന് ശേഷമാണ് വിദേശ നാണയ ശേഖരം കുത്തനെ ഇടിഞ്ഞത്. പശ്ചിമേഷ്യയിലെ യുദ്ധം ക്രൂഡ് വില ഉയർത്തിയതാണ് തിരിച്ചടിയായത്. സ്വർണ ശേഖരത്തിന്റെ മൂല്യം കഴിഞ്ഞ വാരം 563.7 കോടി ഡോളർ വർദ്ധനയോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലമായ 12,085.3 കോടി ഡോളറിലെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |