
കുത്തനെ ഇടിഞ്ഞ് ക്രൂഡ് വില
കൊച്ചി: പശ്ചിമേഷ്യയിൽ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയും ആഗോള തലത്തിൽ ഉപഭോഗം കുറയുന്നതും ക്രൂഡോയിൽ വില കുത്തനെ ഇടിക്കുന്നു. മേയിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 20 ശതമാനം ഇടിവോടെ ബാരലിന് 91 ഡോളറിലെത്തി. വെസ്‌റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡിന്റെ വില ബാരലിന് 87 ഡോളറിലേക്ക് താഴ്ന്നു. ആറ് വർഷത്തിനിടെയിലെ ഏറ്റവും വലിയ പ്രതിമാസ ഇടിവാണ് വിലയിലുണ്ടായത്. അമേരിക്കയും ഇറാനും 60 ദിവസത്തേക്ക് വെടിനിറുത്തൽ കരാർ ദീർഘിപ്പിക്കാൻ തീരുമാനിച്ചതിനാൽ ഹോർമുസ് ഇടനാഴിയിലൂടെ എണ്ണയുടെ ഗതാഗതം സുഗമമാകുമെന്ന പ്രതീക്ഷയും വിലയിടിവിന് ആക്കം കൂട്ടി.
ബ്രെന്റ് ക്രൂഡ് വില ഇന്നലെ രണ്ട് ഡോളറാണ് ഇടിഞ്ഞത്. ഷിപ്പിംഗ് ലൈനുകളിൽ നിന്ന് മൈനുകൾ മാറ്റുന്നതും അടച്ചുപൂട്ടിയ എണ്ണപ്പാടങ്ങളിൽ ഉത്പാദനം തുടങ്ങുന്നതുമടക്കം നിരവധി വിഷയങ്ങളിൽ അനിശ്ചിതത്വം തുടരുന്നതാണ് പ്രധാന വെല്ലുവിളി. ബ്രെന്റ് ക്രൂഡിന്റെ വില 10.5 ശതമാനം ഇടിവോടെയാണ് വാരാന്ത്യം പിന്നിടുന്നത്. യുദ്ധം അവസാനിപ്പിക്കാൻ ഇറാനും അമേരിക്കയും ഔദ്യോഗിക കരാർ പ്രഖ്യാപിച്ചാൽ ക്രൂഡ് വില 80 ഡോളറിലും താഴെയെത്തുമെന്ന് വിദഗ്ദ്ധർ പറയുന്നു. ആഗോള തലത്തിൽ സാമ്പത്തിക മാന്ദ്യ ആശങ്കകൾ ശക്തമാകുന്നതും സൗരോർജമടക്കമുള്ള ബദൽ ഇന്ധനങ്ങൾക്ക് പ്രിയമേറുന്നതും പെട്രോളിയം ഉത്പന്നങ്ങളുടെ ഉപഭോഗത്തിന് തിരിച്ചടി സൃഷ്‌ടിച്ചേക്കും.
വിപണി വിപുലീകരിച്ച് ഇന്ത്യ
ഇന്ധന സുരക്ഷിതത്വം ഉറപ്പാക്കാൻ അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ ക്രൂഡോയിൽ വാങ്ങാൻ ഇന്ത്യ ഒരുങ്ങുന്നു. പശ്ചിമേഷ്യൻ എണ്ണയിലുള്ള അമിത ആശ്രയത്വം ഒഴിവാക്കാനാണ് പുതിയ വിപണികളിൽ നിന്ന് ക്രൂഡ് വാങ്ങാൻ ദീർഘകാല കരാറുകൾ ഒപ്പിടുന്നത്. അതേസമയം ഇന്ത്യയുടെ ഏറ്റവും വലിയ ഇന്ധന സപ്ളൈയർ സ്ഥാനം കഴിഞ്ഞ മാസവും റഷ്യ നിലനിറുത്തി.
കരുത്താർജിച്ച് രൂപ
ക്രൂഡോയിൽ വിലയിലെ ഇടിവും പശ്ചിമേഷ്യയിൽ യുദ്ധം അവസാനിക്കുമെന്ന വാർത്തകളും ഇന്ത്യൻ രൂപയ്ക്ക് കരുത്ത് പകർന്നു. ഇറക്കുമതി ചെലവ് കുറഞ്ഞതോടെ പൊതുമേഖല എണ്ണക്കമ്പനികൾ ഡോളർ വാങ്ങൽ മന്ദഗതിയിലാക്കി. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ 53 പൈസ നേട്ടത്തോടെ 95.05ൽ അവസാനിച്ചു. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമായതും രൂപയ്ക്ക് അനുകൂലമായി.
ബ്രെന്റ് ക്രൂഡ് വില 92 ഡോളറിൽ
രൂപ@95.05
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |