SignIn
Kerala Kaumudi Online
Friday, 10 July 2026 4.20 AM IST

എ​ൻ.​ബി.​എ​ഫ്.​സി​ക​ൾ​ക്ക് ​സ്വ​ർ​ണപ്പ​ണ​യ​ കൊ​യ്‌​ത്ത്

gold-loan

വിലയിലെ കുതിപ്പ് നേട്ടമാക്കുന്നു

കൊച്ചി: രാജ്യത്തെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ(എൻ.ബി.എഫ്.സി) സ്വർണ പണയ വായ്പകൾ മേയിൽ 69.9 ശതമാനം വർദ്ധനയോടെ 3.30 ലക്ഷം കോടി രൂപയിലെത്തി. ഹൗസിംഗ് ഫിനാൻസ് കമ്പനികളടക്കം മികച്ച വളർച്ചയാണ് സ്വർണ വായ്പകളിൽ നേടിയത്. എൻ.ബി.എഫ്.സികളുടെ മൊത്തം വായ്പ 14.2 ശതമാനം ഉയർന്ന് 58.61 ലക്ഷം കോടി രൂപയായി. മൊത്തം വായ്പയുടെ 43 ശതമാനം വിഹിതവുമായി റീട്ടെയിൽ മേഖലയാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷം മേയിൽ സ്വർണാഭരണങ്ങൾ പണയം വെച്ച് ഉപഭോക്താക്കൾ 1.94 ലക്ഷം കോടി രൂപയുടെ വായ്പകളാണ് വാങ്ങിയിരുന്നത്. കൺസ്യൂമർ ഡ്യൂറബിൾ വായ്പകളിൽ 42 ശതമാനവും വാണിജ്യ റിയൽ എസ്‌റ്റേറ്റ് വായ്പകളിൽ 40.2 ശതമാനവും വളർച്ചയുണ്ടായി. മൊത്തം റീട്ടെയിൽ വായ്പകളിൽ 19.5 ശതമാനം വർദ്ധനയുണ്ട്.

ശരാശരി സ്വർണ വായ്പാ തുക

1.96 ലക്ഷം രൂപ

ഗോൾഡ് മോണിറ്റൈസേഷൻ 2.0 വരുന്നു

വീടുകളിലും ലോക്കറുകളിലും നിഷ്‌ക്രിയമായി കിടക്കുന്ന സ്വർണ സമ്പത്ത് ഉപയോഗപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ ഗോൾഡ് മോണിറ്റൈസേഷൻ സ്കീം വീണ്ടും ആരംഭിക്കുന്നു. 2015ൽ ഗോൾഡ് മോണിറ്റൈസേഷൻ ആരംഭിച്ചെങ്കിലും കാര്യമായ വിജയമായില്ല. ഇത്തവണ ജുവലറികളെയും പങ്കാളികളാക്കി പദ്ധതി സജീവമാക്കുന്നതിനാണ് ആലോചന.

ജുവലറികളുടെ പങ്കാളിത്തമുണ്ടാകുന്നതോടെ ഗോൾഡ് മോണിറ്റൈസേഷൻ 2.0 രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ദീർഘ കാല ഗുണമാകുന്ന നയ പരിഷ്‌കാരമായി മാറും

അഡ്വ. എസ് അബ്ദുൽ നാസർ

ജനറൽ സെക്രട്ടറി

കെ.ജി.എസ്.എം.എ

ബാങ്കുകൾക്കും മികച്ച നേട്ടം

ബാങ്കുകളുടെയും എൻ.ബി.എഫ്.സികളുടെയും സ്വർണ വായ്‌പകൾ അതിവേഗം വളരുകയാണെന്ന് ആഗോള വിവര വിശകലന ഏജൻസിയായ എക്‌സ്‌പീരിയന്റെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം പുതിയ സ്വർണ വായ്പകളുടെ മൂല്യം 84 ശതമാനം ഉയർന്നു. വിലയിലെ വർദ്ധന കാരണം ഉപഭോക്താക്കൾക്ക് അധിക തുക ലോണായി ലഭിച്ചതാണ് നേട്ടമായത്. 2023 മാർച്ചിൽ 6.3 ലക്ഷം കോടി രൂപയായിരുന്ന സ്വർണ വായ്പാ വിപണി നടപ്പുവർഷം മാർച്ചിൽ 19.4 ലക്ഷം കോടി രൂപയായി കുതിച്ചുയർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD LOAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360